22 December, 2025 07:11:16 PM
അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മാർട്ടിന്‍റെ വീഡിയോ പ്രചരിപ്പിച്ച മൂന്നുപേർ അറസ്റ്റിൽ

തൃശൂർ: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയായ മാർട്ടിന്റെ വീഡിയോ പങ്കുവെച്ച മൂന്ന് പേരെ അറസ്റ്റ് ചെയ്ത് തൃശൂർ സിറ്റി പൊലീസ്. അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന വീഡിയോ വാണിജ്യ അടിസ്ഥാനത്തിൽ പങ്കുവെച്ചവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബിഎൻഎസ് 72, 75 ഐടി ആക്ട് സെക്ഷൻ 67 ഉൾപ്പെടെ ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
എറണാകുളം, ആലപ്പുഴ, തൃശൂർ സ്വദേശികളാണ് അറസ്റ്റിലായവർ. ഇവർ പണം വാങ്ങി ദുരുദ്ദേശത്തോടെ വീഡിയോ ഷെയർ ചെയ്തു എന്ന് പൊലീസ് കണ്ടെത്തൽ. ഇരുനൂറിലേറെ സൈറ്റുകളിൽ ഇത്തരത്തിൽ വീഡിയോ ഷെയർ ചെയ്തതായും പൊലീസ് കണ്ടെത്തി. ഈ സൈറ്റുകളെല്ലാം പൊലീസ് ഇല്ലാതെയാക്കിയിട്ടുണ്ട്. വീഡിയോ ഷെയർ ചെയ്തവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ നകുൽ ദേശ്മുഖ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്ത മാർട്ടിനെതിരെ പൊലീസ്നേരത്തെ കേസെടുത്തിരുന്നു. തൃശ്ശൂർ സൈബർ പൊലീസ് ആണ് കേസെടുത്തത്. ഈ വീഡിയോ പങ്കുവെച്ചവർക്കെതിരെയും നടപടി വേണമെന്ന് അതിജീവിത ആവശ്യപ്പെട്ടിട്ടിരുന്നു.
സാമൂഹ്യ മാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും വ്യക്തിപരമായ വിവരങ്ങൾ പങ്കുവെക്കുന്നുമെന്നുമായിരുന്നു അതിജീവിത പരാതിയായി ഉന്നയിച്ചത്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ താൻ നേരിടുന്ന സൈബർ ആക്രമണം അതിജീവിത ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പിന്നാലെ ഇതിൽ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശിക്കുകയും ചെയ്തിരുന്നു.
മാർട്ടിന്റെ വീഡിയോയിൽ ഗൂഢാലോചന സംശയിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. സമൂഹമാധ്യമങ്ങളിൽ അതിജീവതയെ അധിക്ഷേപിക്കാനായി ആരെങ്കിലും സാമ്പത്തിക സാഹയം നൽകിയിട്ടുണ്ടോ എന്നതടക്കമാണ് പൊലീസ് പരിശോധിച്ചത്. അതിജീവിതക്ക് എതിരെയുള്ള കുറിപ്പുകളിൽ സാമ്യതയുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇതെല്ലാം കുത്യമായി പദ്ധതിയിട്ട ശേഷം നടപ്പിലാക്കിയതെന്ന സംശയത്തിലേക്കാണ് പൊലീസിനെ എത്തിച്ചിരുന്നത്.




