10 January, 2026 09:48:38 AM


യുവതിയുടെ ദേഹത്ത് തിളച്ച പാൽ ഒഴിച്ചു; ഒപ്പം താമസിച്ചിരുന്ന യുവാവ് അറസ്റ്റിൽ



ആര്യനാട്: യുവതിയുടെ ശരീരത്തിൽ തിളച്ച പാൽ ഒഴിച്ച് പൊള്ളലേൽപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. പറണ്ടോട് ആനപ്പെട്ടി തടത്തരികത്ത് വീട്ടിൽ മഹേഷിനെയാണ് (26) ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തത്. പറണ്ടോട് സ്വദേശിനിയായ യുവതിയുടെ ശരീരത്തിന്റെ 25 ശതമാനം പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

കഴിഞ്ഞ മാസം 26-നാണ് സംഭവം നടന്നത്. പൊള്ളലേറ്റ യുവതിക്ക് രണ്ട് ദിവസത്തോളം മഹേഷ് ചികിത്സ നൽകാൻ തയ്യാറായില്ല. നില ഗുരുതരമായതോടെ യുവതിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും, കേസാവുമെന്ന് ഭയന്ന് അവിടെനിന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ആദ്യം കൈ തട്ടി പാൽ വീണതാണെന്ന് പറഞ്ഞ യുവതി പിന്നീട് മാതാവ് എത്തിയപ്പോഴാണ് വിവരങ്ങൾ വെളിപ്പെടുത്തിയത്.

വിവാഹിതനായ മഹേഷിനൊപ്പം കഴിഞ്ഞ രണ്ടു വർഷമായി യുവതി താമസിച്ചു വരികയായിരുന്നു. ഒപ്പം താമസിക്കാൻ തുടങ്ങിയ കാലം മുതൽ ഇയാൾ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് യുവതി പോലീസിന് മൊഴി നൽകി. യുവതിയുടെ തോൾ മുതൽ കാൽമുട്ട് വരെയുള്ള ഭാഗങ്ങളിൽ ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. പ്രതിയായ മഹേഷിന്റെ പേരിൽ ആര്യനാട് സ്റ്റേഷനിൽ നേരത്തെയും നിരവധി ക്രിമിനൽ കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 946