19 January, 2026 08:57:33 AM
ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിക്കൊന്നു; നാല് വയസുകാരന് ഗുരുതര പരിക്ക്; യുവാവ് കസ്റ്റഡിയില്‍

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിക്കൊന്നു. നാലകത്ത് നസീര്‍(63), ഭാര്യ സുഹറ(60) എന്നിവരാണ് മരിച്ചത്. വളർത്തു മകളായ സുല്‍ഫിയത്തിന്‍റെ നാലുവയസ്സായ മകനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തി. അര്‍ധരാത്രി 12ഓടെയാണ് സംഭവം. നാലുവയസ്സുകാരനുമായി സുല്‍ഫിയത്ത് ഓടിരക്ഷപ്പെടുന്നതിനിടെ നാട്ടുകാര്‍ കാണുകയായിരുന്നു. ഇതോടെയാണ് കൊലപാതകവിവരം പുറത്തുവന്നത്. സുൽഫിയത്തിന്റെ ഭർത്താവ് പൊന്നാനി സ്വദേശി മുഹമ്മദ് റാഫിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
പൊലീസ് സ്ഥലത്തെത്തുമ്പോൾ മുഹമ്മദ് റാഫി കൈ ഞരമ്പ് മുറിച്ച നിലയിൽ സംഭവ സ്ഥലത്തുണ്ടായിരുന്നു. എന്നാൽ ഇയാൾ ഓടി രക്ഷപ്പെട്ടതിനാൽ ആദ്യം പൊലീസിനു പിടികൂടാൻ കഴിഞ്ഞില്ല. സമീപത്തെ പള്ളിക്കാട്ടിലേക്ക് ഓടി രക്ഷപ്പെട്ട മുഹമ്മദ് റാഫിയെ പൊലീസും നാട്ടുകാരും ചേർന്നു നടത്തിയ തിരച്ചിലിലാണ് പിന്നീട് പിടികൂടിയത്.
ഗുരുതരമായി പരിക്കേറ്റ നാല് വയസ്സുകാരനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല.




