03 January, 2026 03:27:08 PM


ആറുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് ടെറസിൽ നിന്നും വലിച്ചെറിഞ്ഞു; പ്രതികളെ വെടിവച്ച് പിടികൂടി



ലഖ്‌നൗ: ആറുവയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ.ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം.  ജനുവരി രണ്ടിനാണ് അതിദാരുണമായ സംഭവം നടന്നത്. കുഞ്ഞിനെ ബലാത്സംഗം ചെയ്ത ശേഷം മേൽക്കൂരയിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് പിതാവിൻ്റെ പരാതി. കേസിൽ സിക്കന്ദറബാദ് പൊലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു.

എൻകൗണ്ടറിനൊടുവിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. രാജു, വീരു എന്നിവരാണ് പ്രതികൾ. സിക്കന്ദറബാദ് ഇൻഡസ്ട്രിയൽ ഏരിയയിലുള്ള ഒരു ഗ്രാമത്തിൽ വാടക വീട്ടിൽ താമസിച്ചുവരികയായിരുന്നു ഇവർ. ഇതേ കെട്ടിടത്തിൽ തന്നെയാണ് ബലാത്സംഗത്തിന് ഇരയാക്കപ്പെട്ട കുട്ടിയുടെ കുടുംബം താമസിച്ചിരുന്നതും. പെൺകുട്ടി ടെറസിൽ കളിക്കുന്നതിനിടെയാണ് ആക്രമണം നടത്തിയതെന്നാണ് കണ്ടെത്തൽ.

ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കുഞ്ഞിനെ ഇവർ മേൽക്കൂരയിൽ നിന്നും വലിച്ചെറിയുകയായിരുന്നു. ടെറസിൽ നിന്നും വീണ നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ ഉടൻ തന്നെ പ്രാദേശിക ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് യുവാക്കളും ചേർന്ന് കുട്ടിയെ ബലാത്സംഗം ചെയ്തതിനു ശേഷം മേൽക്കൂരയിൽ നിന്ന് വലിച്ചെറിഞ്ഞതാണെന്ന് പിതാവ് സംശയിക്കുന്നുണ്ടെന്ന് ഡോക്ടർ പറഞ്ഞു.

കുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, പ്രതികളെ കണ്ടെത്തുന്നതിനായി പോലീസ് പ്രത്യേക സംഘം രൂപീകരിച്ചു. പ്രതികൾ എവിടെയാണെന്ന് പൊലീസിന് സൂചന ലഭിച്ചതിനെ തുടർന്നാണ് കൻവാരയിൽ ഏറ്റുമുട്ടൽ നടന്നത്. പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായി റിപ്പോർട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K