14 January, 2026 09:13:06 AM
കത്തി മോഷണം പോയതിനെ ചൊല്ലി തർക്കം; തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്നു

പാറശ്ശാല: മദ്യലഹരിയിൽ കത്തി മോഷണം പോയതിനെച്ചൊല്ലിയുള്ള തർക്കത്തിൽ യുവാവ് വെട്ടേറ്റു മരിച്ചു. വ്‌ളാത്താങ്കര സ്വദേശിയും നിലവിൽ കുളത്തൂർ അരുവല്ലൂരിൽ താമസക്കാരനുമായ മനോജ് (40) ആണ് കൊല്ലപ്പെട്ടത്. അയൽവാസിയായ ശശിധരൻ ആണ് മനോജിനെ വെട്ടിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പനകയറ്റ തൊഴിലാളിയായ ശശിധരനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കൊല്ലപ്പെട്ട മനോജ് നേരത്തെ ക്രിമിനൽ കേസുകളിൽ പ്രതിയും പാറശ്ശാല സ്റ്റേഷനിലെ റൗഡി പട്ടികയിലുള്ള ആളുമാണെന്ന് പോലീസ് പറയുന്നു.
ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ അരുവല്ലൂരിലായിരുന്നു സംഭവം. തന്റെ കൈവശമുണ്ടായിരുന്ന കത്തി ശശിധരൻ മോഷ്ടിച്ചുവെന്ന് ആരോപിച്ച് മനോജ് ഇയാളുമായി തർക്കത്തിലേർപ്പെടുകയും ശശിധരന്റെ മുഖത്ത് ഇടിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായ ശശിധരൻ തന്റെ പക്കലുണ്ടായിരുന്ന പനചെത്തു കത്തി ഉപയോഗിച്ച് മനോജിനെ വെട്ടുകയായിരുന്നു. കൈയ്ക്കും കാലിനും ഗുരുതരമായി വെട്ടേറ്റ മനോജ് രക്തം വാർന്ന് ഏറെനേരം റോഡരികിൽ കിടന്നെങ്കിലും പ്രദേശവാസികളാരും സഹായത്തിനായി എത്തിയില്ല. വിവരമറിഞ്ഞ് പൊഴിയൂർ പോലീസ് സ്ഥലത്തെത്തി മനോജിനെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിക്കായി തിരച്ചിൽ തുടരുകയാണ്.




