17 December, 2025 09:10:04 AM
മലപ്പുറത്ത് മദ്യലഹരിയിൽ പൊലീസുകാരൻ ഓടിച്ച വാഹനമിടിച്ച് അപകടം

മലപ്പുറം: പാണ്ടിക്കാട് പൊലീസ് ഉദ്യോഗസ്ഥന്‍ ഓടിച്ച കാര്‍ മൂന്ന് വാഹനങ്ങളില്‍ ഇടിച്ച് അപകടം. പാണ്ടിക്കാട് സ്റ്റേഷനിലെ സിപിഒ വി രജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ ഉദ്യോഗസ്ഥന്‍ മദ്യലഹരിയിലാണ് വാഹനമോടിച്ചത് എന്നാണ് നാട്ടുകാരുടെ ആരോപണം.
ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം നടക്കുന്നത്. രണ്ട് കാറുകളിലും ഇരുചക്ര വാഹനത്തിലും രജീഷ് ഓടിച്ചിരുന്ന വാഹനം ഇടിച്ചു. അപകടത്തിന് ശേഷം ഇയാള്‍ വണ്ടി നിര്‍ത്താതെ രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ നാട്ടുകാര്‍ ഇടപെട്ട് വാഹനം തടഞ്ഞുവയ്ക്കുകയായിരുന്നു.
അപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാര്‍ പൊലീസിനെ വിളിച്ചുവരുത്തുകയും പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അപകടം മൂലം പ്രദേശത്ത് വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നു. രജീഷിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് എത്തിക്കും.




