10 December, 2025 08:57:13 AM
മദ്യലഹരിയിൽ പൊലീസിന് നേരെ ആക്രമണം; കൊല്ലത്ത് മൂന്ന് യുവാക്കൾ അറസ്റ്റിൽ

കൊല്ലം: വാഹന പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. കുന്നിക്കോട് വെച്ചാണ് മദ്യലഹരിയിലായിരുന്ന പ്രതികൾ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തത്. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അമൽ ലാലിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. സംഭവത്തിൽ പ്രതികളായ അനസ്, സാബു, സജീർ എന്നിവരെ കുന്നിക്കോട് പോലീസ് കസ്റ്റഡിയിലെടുത്തു.
കുന്നിക്കോട് പഞ്ചായത്ത് ഓഫീസിനു സമീപം കഴിഞ്ഞ ദിവസം ഉച്ചയോടുകൂടിയായിരുന്നു സംഭവം. മദ്യപിച്ച് അലക്ഷ്യമായി ഓട്ടോറിക്ഷയിൽ വന്ന മൂന്നംഗ സംഘത്തെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി പരിശോധിച്ചു. ഇതിൽ പ്രകോപിതരായ യുവാക്കൾ അമൽ ലാലിനെ ആക്രമിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ കുന്നിക്കോട് പോലീസ് സംഘം പ്രതികളെ കസ്റ്റഡിയിലെടുത്തു.
എന്നാൽ, പ്രതികളെ വൈദ്യപരിശോധനക്കായി കൊണ്ടുപോകാൻ ഒരുങ്ങുന്നതിനിടെ ഇവർ സ്റ്റേഷനിലെ എസ്ഐക്ക് നേരെയും കയ്യേറ്റം നടത്തി. പ്രതികളിലൊരാളായ അനസാണ് പോലീസുദ്യോഗസ്ഥനെ ആക്രമിച്ചത്.
അനസും സാബുവും നിരവധി കേസുകളിൽ പ്രതികളാണെന്ന് കുന്നിക്കോട് പോലീസ് അറിയിച്ചു. പ്രതികൾക്കെതിരെ ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.




