27 November, 2025 08:27:03 PM


യുവതിയുടെ പരാതിക്ക് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിൽ മുങ്ങി; പാലക്കാട്ടെ എംഎല്‍എ ഓഫീസ് പൂട്ടിയ നിലയിൽ



പാലക്കാട്: മുഖ്യമന്ത്രിക്ക് യുവതി ലൈം​ഗിക പീഡന പരാതി നൽകിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ യുടെ ഓഫീസ് പൂട്ടിയ നിലയിൽ. ഇന്ന് ഉച്ചവരെ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കൊപ്പം വോട്ട് പിടിക്കാൻ പാലക്കാട് മണ്ഡലത്തിൽ സജീവമായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ. പീഡനത്തിന് ഇരയായ യുവതി പരാതി നൽകിയതോടെ രാഹുൽ മാങ്കൂട്ടത്തിൽ എവിടെയെന്ന കാര്യത്തിൽ വ്യക്തതയില്ല.

വൈകുന്നേരം പ്രചാരണത്തിന്റെ ഭാഗമായി എത്തുമെന്ന് പറഞ്ഞ സ്ഥലങ്ങളിൽ രാഹുൽ ഇല്ല. യുവതി പരാതി നൽകിയതിന് പിന്നാലെ ഒരു ഫേസ്ബുക്ക് പോസ്റ്റുമായാണ് എംഎൽഎ രംഗത്തെത്തിയത്. കുറ്റം ചെയ്തിട്ടില്ലെന്നുളള ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടുമെന്നും നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നുമാണ് ഫേസ്ബുക്കിലൂടെയുള്ള രാഹുലിന്റെ പ്രതികരണം.

ഏറെ നാളത്തെ ആരോപണങ്ങൾക്കിടെ ഇന്നാണ് വാട്ട്സപ്പ് ചാറ്റുകൾ, ഓഡിയോ സംഭാഷണം അടക്കം തെളിവുകളുമായി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് ലൈം​ഗിക പീഡന പരാതി നൽകിയത്. നേരിട്ടെത്തിയാണ് പരാതി കൈമാറിയത്. പരാതി ക്രൈംബ്രാഞ്ചിന് കൈമാറി. ഉച്ചയോടെയാണ് യുവതി പരാതി നൽകിയത്. ഇന്ന് തന്നെ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K