17 September, 2025 10:19:12 AM


പാലക്കാട് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അറസ്റ്റില്‍



പാലക്കാട്: പുതുപ്പരിയാരം പൂച്ചിറയില്‍ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പൂച്ചിറ സ്വദേശി അനൂപ് (36) ആണ് അറസ്റ്റിലായത്. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. മാട്ടുമാത ചോളോട് സിഎന്‍ പുരം സ്വദേശിനി മീര(32)യെ ബുധനാഴ്ച്ച രാവിലെ അനൂപിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അനൂപിന്റെയും മീരയുടെയും രണ്ടാം വിവാഹമായിരുന്നു. ഒരു വര്‍ഷം മുന്‍പായിരുന്നു വിവാഹം നടന്നത്.

അനൂപും മീരയും തമ്മില്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും മീരയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും മീരയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. മരണത്തിന്റെ തലേന്ന് ഭര്‍ത്താവുമായി പിണങ്ങിയ മീര മാട്ടുമന്തയിലെ സ്വന്തം വീട്ടിലേക്ക് എത്തിയിരുന്നു. എന്നാല്‍ അനൂപ് വൈകുന്നേരം തന്നെ മീരയെ അവരുടെ വീട്ടിലെത്തി തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. പിറ്റേന്ന് രാവിലെയാണ് അനൂപിന്റെ വീടിന്റെ അടുക്കളഭാഗത്ത് വര്‍ക്ക് ഏരിയയിലെ സീലിങില്‍ മീരയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ അനൂപിന്റെ വീട്ടില്‍ നിന്ന് മീരയുടെ ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു. അനൂപിന് തന്നോടും കുഞ്ഞിനോടും സ്‌നേഹം കുറഞ്ഞെന്നും വേണ്ട പരിഗണന ലഭിക്കുന്നില്ലെന്നും മീര ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നു. ഗുരുതര ആരോപണങ്ങള്‍ കുറിപ്പിലില്ല എന്നായിരുന്നു പൊലീസ് ആദ്യം സ്വീകരിച്ച നിലപാടെങ്കിലും പിന്നീട് ആത്മത്യാ പ്രേരണക്കുറ്റം ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ നിലവില്‍ അനൂപ് റിമാന്‍ഡിലാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 937