13 September, 2025 11:08:23 AM
കോണ്‍ഗ്രസിലെ ഒരു വിഭാഗം എന്റെ രക്തത്തിന് വേണ്ടി ദാഹിച്ചു; ആത്മഹത്യ ചെയ്ത ജോസിന്റെ സന്ദേശം പുറത്ത്

കല്‍പ്പറ്റ: പുല്‍പ്പള്ളിയില്‍ ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് നേതാവ് ജോസ് നല്ലേടത്തിന്റെ അവസാന വീഡിയോ സന്ദേശം പുറത്ത്. പൊലീസിന് കൈമാറിയത് ലഭിച്ച വിവരങ്ങളാണ്. തന്നെ ഗൂഢാലോചനക്കാരനായി ചിത്രീകരിച്ചെന്നും ഒരുവിഭാഗം തന്റെ രക്തത്തിന് വേണ്ടി ദാഹിച്ചുവെന്നും ജോസ് പറയുന്നു. പ്രതിസന്ധിയില്‍ പാര്‍ട്ടി നേതാക്കള്‍ കൈവിട്ടുവെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
'ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ താന്‍ വലിയ അഴിമതിക്കാരനും ഗൂഢാലോചനക്കാരനുമാണെന്നൊക്കെ പറഞ്ഞ് വലിയ പ്രചരണങ്ങള്‍ ചിലരുടെ ഭാഗത്തുനിന്ന് ഉണ്ട്. ഒരാളില്‍ നിന്നും പോലും അനര്‍ഹമായ കാര്യങ്ങള്‍ നാളിതുവരെ കൈപ്പറ്റാതെ പൊതുപ്രവര്‍ത്തനം നടത്തിയ ആളാണ് ഞാന്‍. ഈ ആരോപണങ്ങള്‍ ഒരു വ്യക്തി എന്ന നിലയില്‍ എനിക്ക് താങ്ങാന്‍ ആവുന്നതല്ല. സഹായം തേടി എന്നെ സമീപിച്ചവരെ സഹായിച്ചതല്ലാതെ ആരെയും മാറ്റിനിര്‍ത്തിയിട്ടില്ല. എന്റെ പ്രവര്‍ത്തനത്തില്‍ ആസൂയപൂണ്ടവര്‍ എന്നെ ഈ സമൂഹത്തില്‍ ഇല്ലാതാക്കാന്‍ വേണ്ടി, എന്റെ രക്തത്തിന് വേണ്ടി, എന്റെ മക്കളുടെ ഭാവി നശിപ്പിക്കുന്ന രീതിയില്‍ ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്തുന്നത് ഒരുകാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. ഒരു പരിഷ്‌കൃതസമൂഹത്തില്‍ നിന്നും എനിക്ക് ലഭിക്കേണ്ട പിന്തുണയല്ല ഇത്. ഞാന്‍ ഈ സമൂഹത്തിന് വേണ്ടി നിലകൊണ്ടയാളാണ്'- വീഡിയോ സന്ദേശത്തില്‍ പറയുന്നു. ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകനെ വിളിച്ചുവരുത്തി പറഞ്ഞ കാര്യമാണ് ഇപ്പോള്‍ പുറത്തുവന്നത്.
വയനാട് മുള്ളന്‍കൊല്ലി പഞ്ചായത്ത് രണ്ടാം വാര്‍ഡ് അംഗം കൂടിയായ ജോസിനെ കൈഞരമ്പ് മുറിച്ച ശേഷം പെരിക്കല്ലൂരിലെ കുളത്തില്‍ ചാടി മരിച്ച നിലയിലാണ് വെള്ളിയാഴ്ച രാവിലെ ഒന്‍പതോടെ കണ്ടെത്തിയത്. അയല്‍വാസികള്‍ ജോസിനെ പുല്‍പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ബത്തേരിയിലെ താലൂക്ക് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും രക്ഷിക്കാനായില്ല
പുല്‍പള്ളിയില്‍ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് കാനാട്ടുമല തങ്കച്ചന്‍ അന്യായമായി ജയിലില്‍ കഴിയാനിടയായ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. കേസില്‍ ജോസിനെ പ്രതിചേര്‍ത്തിരുന്നില്ല. തന്നെ കള്ളക്കേസില്‍ കുടുക്കിയതുമായി ബന്ധപ്പെട്ട് തങ്കച്ചന്‍ മാധ്യമങ്ങളോടും മറ്റും പറഞ്ഞ ആറുപേരുകളില്‍ ഉള്‍പ്പെട്ടയാള്‍ കൂടിയാണ് ജോസ്. അടുത്തിടെ മുളളന്‍കൊല്ലിയില്‍ കോണ്‍ഗ്രസിനുള്ളിലുണ്ടായ ഗ്രൂപ്പുതര്‍ക്കങ്ങളാണ് തങ്കച്ചനെ കള്ളക്കേസില്‍പ്പെടുത്തുന്നതില്‍ ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ക്ക് ഇടയാക്കിയതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.