03 February, 2026 04:46:17 PM


ലോക്‌സഭയിലെ പ്രതിഷേധം: ഹൈബി ഈഡനും ഡീൻ കുര്യാക്കോസിനുമടക്കം 8 പ്രതിപക്ഷ എംപിമാർക്ക് സസ്‌പെൻഷൻ



ന്യൂഡൽഹി: ലോക്‌സഭയിലെ പ്രതിഷേധത്തിൽ പ്രതിപക്ഷ എംപിമാർക്ക് എതിരെ കടുത്ത നടപടിയുമായി സ്പീക്കർ ഓം പ്രകാശ് ബിർള. കേരളത്തിലെ എംപിമാരായ ഹൈബി ഈഡനും ഡീൻ കുര്യാക്കോസും ഉൾപ്പെടെ എട്ട് എംപിമാരെ സസ്പെൻഡ് ചെയ്തു. ഇവർക്ക് പുറമേ കോൺഗ്രസ് എംപിമാരായ മണിക്കം ടാഗോർ, അമരീന്ദർ സിങ് രാജ വാറിങ്, ഗുർജത് ഔജ്‌ല, പ്രശാന്ത് പടോളെ, കിരൺ കുമാർ റെഡ്ഢി എന്നിവർക്കും സിപിഎം എംപിയായ എസ്  വെങ്കിടേഷനുമെതിരെയാണ് നടപടി ഉണ്ടായത്. സഭാ നടപടികൾ തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ നടപടി സ്വീകരിച്ചത്.

പാർലമെന്റിൽ നാടകീയ രംഗങ്ങളായിരുന്നു അരങ്ങേറിയത്. ഇന്ത്യ-യുഎസ് വ്യാപാര കരാർ വിഷയം ഉന്നയിച്ച് കോൺഗ്രസ് അംഗങ്ങൾ സെക്രട്ടറി ജനറലിന്റെ ടേബിളിലേക്ക് ചാടിക്കയറി. ഡീൻ കുര്യാക്കോസും ഹൈബി ഈഡനും മേശപ്പുറത്ത് കയറി. ഇതിനിടയിൽ ഹൈബി ഈഡനും മാണിക്കം ടാഗോറും കടലാസുകൾ വലിച്ചുകീറി സ്പീക്കറുടെ ചെയറിന് നേരെ എറിഞ്ഞു. സെക്രട്ടറി ജനറലിന്റെ മേശപ്പുറത്തെ കടലാസുകളാണ് എംപിമാർ എടുത്തെറിഞ്ഞത്. പിന്നാലെ കോൺഗ്രസ് എംപിമാർക്കെതിരെ ബിജെപി പരാതി നൽകി.

സസ്‌പെൻഷനിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാർ പാർലമെന്റ് വളപ്പിൽ പ്രതിഷേധം സംഘടിപ്പിച്ചു. ജനാധിപത്യ വിരുദ്ധമായ സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് നടപടി നേരിട്ട എംപിമാർ ആരോപിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 309