30 January, 2026 09:45:18 AM


കേരളത്തിന്‍റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള ബജറ്റ്- മന്ത്രി വി എൻ വാസവൻ



കോട്ടയം: ഇടതുപക്ഷജനാധിപത്യ മുന്നണി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിന്‍റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള ബജറ്റാണ് മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചതെന്ന് മന്ത്രി വി എൻ വാസവൻ അഭിപ്രായപ്പെട്ടു.  

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍, മുഖ്യമന്ത്രിയുടെ സ്ത്രീസുരക്ഷാ പദ്ധതി, കണക്ട് ടു വര്‍ക്ക് സ്കോളര്‍ഷിപ്പ് എന്നീ പദ്ധതികളിലൂടെ മാത്രം ഒരു കോടി ആളുകളിലേക്കാണ് സര്‍ക്കാരിന്‍റെ സാമുഹ്യസുരക്ഷാ സഹായം ലഭിക്കുന്നത്. 
 
ക്ഷേമപെന്‍ഷന്‍ നല്‍കുന്നതിനായി 14500 കോടി രൂപയും, സ്ത്രീസുരക്ഷാ പദ്ധതിക്കായി 3720 കോടി രൂപയും, കണക്ടു വര്‍ക്ക് സ്കോളര്‍ഷിപ്പ് പദ്ധതിക്കായി 400 കോടി രൂപയും നീക്കി വെച്ചിരിക്കുന്ന ബജറ്റ് അംഗണവാടി വര്‍ക്കര്‍മാരുടെയും, ആശാവര്‍ക്കര്‍മാരുടെയും വേതനത്തില്‍ 1000 രൂപയുടെ വര്‍ദ്ധനവും വരുത്തിയിട്ടുണ്ട്. അതുപോലെ സാക്ഷരതാ പ്രേരക്മാര്‍, സ്കൂള്‍ പാചക തൊഴിലാളികള്‍, പ്രീപ്രൈമറി അധ്യാപകര്‍ എന്നിവരുടെ വേതനത്തിലും  വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. 

സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ, ഡി.ആര്‍ കുടിശ്ശിക നല്‍കുന്ന തീരുമാനവും, ശമ്പള പരിഷ്കരണവും തുടങ്ങിയ ജനം ആഗ്രഹിച്ച പദ്ധതികളും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാധാരണ ജനങ്ങളുടെ ജീവിത സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന ബജറ്റാണിത്.

സഹകരണ മേഖലയ്ക്കും, തുറമുഖ മേഖലയ്ക്കും അര്‍ഹമായ പരിഗണനയും ആധുനീകരണത്തിനുവേണ്ടിയുള്ള പദ്ധതികളും ബജറ്റ് മുന്നോട്ടു വയ്ക്കുന്നു. ആഗോള തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയുടെ വികസനത്തിനായി മാസ്റ്റര്‍പ്ലാന്‍ വിഹിതത്തിലും വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. ക്ലീന്‍ പമ്പാ പദ്ധതിയ്ക്കായി 30 കോടി രൂപയും ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. 

പരമ്പരാഗത വ്യവസായ മേഖലയിലെ നവീകരണത്തിനും തുക മാറ്റിവച്ചിട്ടുള്ള ബജറ്റ് ഐ.റ്റി ലോജിസ്റ്റിക് അടക്കം വ്യവസായ വാണിജ്യ മേഖലകള്‍ക്കും അര്‍ഹമായ പരിഗണനയും നല്‍കി സംസ്ഥാനത്തിന്‍റെ വികസന കുതിപ്പ് ഉറപ്പാക്കുന്ന ഒന്നാണ്.

വയോജന ബജറ്റ് രാജ്യത്ത് ആദ്യമായി അവതരിപ്പിക്കുന്ന സംസ്ഥാനമായും കേരളം മാറി. വയോജനങ്ങള്‍ക്ക് കരുതലും, ക്ഷേമപദ്ധതികളും ആവിഷ്കരിക്കുന്ന ഈ ബജറ്റില്‍ റിട്ടയര്‍മെന്‍റ് ഹോമുകള്‍ക്ക് 30 കോടി രൂപ നീക്കി വച്ചിരിക്കുന്നു. മുതിര്‍ന്ന വ്യക്തികള്‍ക്ക് സഹായം നല്‍കുന്ന സന്നദ്ധ വോളന്‍റിയര്‍മാരെ ഒരുക്കുന്ന പദ്ധതിയ്ക്കായി 10 കോടി രൂപയും സര്‍ക്കാര്‍ മാറ്റിവച്ചിട്ടുണ്ട്. എല്ലാവരെയും ചേര്‍ത്തു നിര്‍ത്തി മുന്നോട്ടുകൊണ്ടുപോകുന്ന ഇടതുപക്ഷ ബദലിന്‍റെ പുതിയ മാതൃകയാണ് ഈ ബജറ്റിലൂടെ തെളിയിച്ചിരിക്കുന്നത്. 

ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള ക്ഷേമ ആശ്വാസങ്ങള്‍ക്കും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വികസനത്തിനും ബജറ്റ് ഒരുപോലെ ഊന്നല്‍ നല്‍കുന്നതാണ്. അർഹതപ്പെട്ട സാമ്പത്തിക വിഹിതം കേന്ദ്രം തരാതിരിക്കുന്ന സാഹചര്യത്തിലും ജനക്ഷേമവും നാടിന്‍റെ വികസനവും ഉപേക്ഷിക്കപ്പെടില്ലയെന്നത് ബജറ്റ് ഉറപ്പുവരുത്തുന്നുണ്ടെന്നും മന്ത്രി പത്രക്കുറിപ്പിൽ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 296