21 January, 2026 05:10:42 PM
ദീപക്കിന്റെ ആത്മഹത്യ: വീഡിയോ ചിത്രീകരിച്ച ഷിംജിത അറസ്റ്റിൽ

കോഴിക്കോട്: സമൂഹമാധ്യമ അധിക്ഷേപത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ കേസിൽ ഷിംജിത മുസ്തഫ അറസ്റ്റിൽ. വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് ഷിംജിതയെ പൊലീസ് പിടികൂടിയത്. ഷിംജിതയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തി. അൽപ്പസമയത്തിനകം മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ എത്തിക്കും.
നേരത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് ഷിംജിതക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പിന്നാലെ ഷിംജിത കോഴിക്കോട് ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ഷിംജിതക്കെതിരെ കേസെടുത്തിരിക്കുന്നത്. അതിനാൽ അറസ്റ്റ് അനിവാര്യമെന്ന് പൊലീസ് അറിയിച്ചിരുന്നു. ലൈംഗികാതിക്രമം നടന്നെന്ന് ആരോപിക്കുന്ന പയ്യന്നൂരിലെ ബസ് ജീവനക്കാരുടെ മൊഴിയും പൊലീസ് ഉടൻ രേഖപ്പെടുത്തും. ബസിലെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പൊലീസ് ശേഖരിച്ചിരുന്നു.
ജനുവരി 18നാണ് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയത്. ബസിൽ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം ഉയർന്നതിന് പിന്നാലെയായിരുന്നു ഇത്. കണ്ണൂരിലേക്കുള്ള യാത്രക്കിടെ ബസിൽവെച്ച് ദീപക് അപമര്യാദയായി പെരുമാറിയെന്നും, ദുരുദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചെന്നും കാട്ടി ഷിംജിത വടകര പൊലീസിൽ പരാതി നൽകിയിരുന്നു.
ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി ദീപകിനെതിരെ സമൂഹമാധ്യമത്തിൽ വീഡിയോ പങ്കുവച്ചിരുന്നു. ഇത് വലിയ രീതിയിൽ പ്രചരിച്ചു. 20 ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്. നിരവധിയാളുകൾ ഇത് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. പിന്നാലെ മകൻ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു എന്ന് കുടുംബം പറഞ്ഞു. ഷിംജിതയെ അറസ്റ്റ് ചെയ്താൽ മാത്രമേ മകന് നീതി ലഭിക്കുകയുള്ളൂ എന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി.




