24 January, 2026 02:07:43 PM
ആൾതാമസമുള്ള ഫ്ളാറ്റുകൾക്ക് നേരെ വെടിവെപ്പ്; നടൻ കെആർകെ അറസ്റ്റിൽ

മുംബൈ: ആള്‍താമസുള്ള ഫ്‌ളാറ്റിന് നേരെ വെടിവെച്ച സംഭവത്തില്‍ നടന്‍ കെആര്‍കെ എന്നറിയപ്പെടുന്ന കമാല്‍ റാഷിദ് ഖാന്‍ അറസ്റ്റിലായി. ഒഷിവാര പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്. നടന്റെ തോക്കും പൊലീസ് പിടിച്ചെടുത്തു. ജനുവരി 18നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
ഒഷിവാരയിലെ നളന്ദ സൊസൈറ്റി ഫ്‌ളാറ്റിന് നേരെയാണ് വെടിവെപ്പുണ്ടായത്. ഫ്‌ളാറ്റിലെ രണ്ടാം നിലയില്‍ നിന്നുമാണ് വെടിയുണ്ടകള്‍ കണ്ടെടുത്തത്. ഒരു സിനിമാ സംവിധായകനാണ് രണ്ടാം നിലയിലെ ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നത്. നാലാം നിലയില്‍ വെടിയുണ്ട കണ്ടെടുത്തത് ഫ്‌ളാറ്റില്‍ ഒരു മോഡലാണ് താമസിക്കുന്നത് എന്നുമാണ് വിവരം.
സീനിയര്‍ ഇന്‍സ്‌പെക്ടര്‍ സഞ്ജയ് ചവാന്റെ നേതൃത്വത്തില്‍ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരടക്കം ഉള്‍പ്പെട്ട 18 അംഗ അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ആദ്യ ഘട്ടത്തില്‍ കാര്യമായ തുമ്പൊന്നും ലഭിച്ചില്ല.
പിന്നീട് ഫോറന്‍സിക് സംഘം നടത്തിയ വിശദമായ അന്വേഷണത്തിലാണ് കെആര്‍കെയുടെ ബംഗ്ലാവില്‍ നിന്നാകാം ഫ്‌ളാറ്റിലേക്ക് വെടിവെപ്പുണ്ടായത് എന്ന നിഗമനത്തില്‍ എത്തിച്ചേരുകയായിരുന്നു. അങ്ങനെയാണ് സംഭവത്തിലെ പ്രധാന നോട്ടപ്പുള്ളിയായി മാറുന്നതും വൈകാതെ പിടിയിലാകുന്നതും.
തന്റെ തോക്കില്‍ നിന്ന് തന്നെയാണ് വെടിവെപ്പുണ്ടായത് എന്ന് കെആര്‍കെ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ലൈസന്‍സുള്ള തോക്കാണെന്നും അത് വൃത്തിയാക്കുന്നതിനിടെ ആണ് സംഭവം നടന്നത് എന്നുമാണ് കെആര്‍കെയുടെ വാദം. കേസിലെ തുടര്‍നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. അബദ്ധത്തില്‍ സംഭവിച്ചതാണോ അതോ മനപൂര്‍വ്വമുള്ള ആക്രമണണോ എന്നെല്ലാം വിശദമായി പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.




