12 September, 2025 12:36:19 PM


പുൽപ്പള്ളി തങ്കച്ചൻ കേസ്, ആരോപണവിധേയനായ പഞ്ചായത്ത് അം​ഗം കുളത്തിൽ മരിച്ച നിലയിൽ



പുൽപ്പള്ളി: വയനാട് പുൽപ്പള്ളി തങ്കച്ചൻ കേസിൽ ആരോപണവിധേയനായ പഞ്ചായത്ത് അം​ഗത്തിനെ മരിച്ച നിലയിൽ കണ്ടെത്തി. മുള്ളൻകൊല്ലി പഞ്ചായത്ത് മെമ്പറും കോൺഗ്രസ് നേതാവുമായ ജോസ് നെല്ലേടത്തിനെയാണ്  രാവിലെ ഒൻപതോടെ വീടിന് അടുത്തുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

തങ്കച്ചന്റെ വീട്ടിൽ നിന്ന് മദ്യവും സ്ഫോടക വസ്തുക്കളും കണ്ടെത്തിയ സംഭവത്തിന് പിന്നിൽ ജോസ് നെല്ലേടം ഉൾപ്പെടെയുള്ളവരാണെന്ന് തങ്കച്ചൻ ആരോപിച്ചിരുന്നു. കേസിലെ ഗൂഢാലോചനയിൽ അന്വേഷണം നടക്കവെയാണ് സംഭവം. പുൽപ്പള്ളി കേസിൽ 17 ദിവസത്തെ ജയിൽവാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് തങ്കച്ചൻ ജയിൽ മോചിതനായത്. 

തങ്കച്ചൻ നിരപരാധിയാണെന്ന് തെളിഞ്ഞതോടെ മദ്യം വാങ്ങിയ പ്രസാദ് എന്ന ആളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ അറസ്റ്റ് ചെയ്ത പ്രതി ചൂണ്ടയിൽ ഇട്ട ഇര മാത്രമാണ്. യാഥാർത്ഥ പ്രതികളെ പുറത്ത് കൊണ്ടുവരണം. ഡിസിസി പ്രസിഡൻ്റ് എൻഡി അപ്പച്ചൻ, പി ഡി സജി, ജോസ് നെല്ലേടം തുടങ്ങിയ കോൺഗ്രസ് നേതാക്കളാണ് സംഭവത്തിന് പിന്നിലെന്ന് തങ്കച്ചൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കോൺഗ്രസിലെ ഗ്രൂപ്പ് പോരാണ് തന്നെ കുടുക്കിയതെന്ന് തങ്കച്ചൻ പറഞ്ഞിരുന്നു. മുള്ളംകൊല്ലിയിൽ നടന്ന കോൺഗ്രസിന്റെ പഞ്ചായത്ത് വികസന സമിതി യോഗത്തിനിടെ നടന്ന ചില സംഭവങ്ങളാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 948