29 August, 2025 04:23:24 PM


യുവതിയുടെ നെഞ്ചില്‍ ട്യൂബ് കുടുങ്ങിയ സംഭവം; ശസ്ത്രക്രിയ പിഴവില്‍ ഡോക്ടര്‍ക്കെതിരെ കേസ്



തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സാ പിഴവില്‍ ഡോക്ടര്‍ക്ക് എതിരെ കേസ്. ഡോ. രാജീവ് കുമാറിനെതിരെയാണ് നടപടി. ഐപിസി 336, 338 വകുപ്പുകള്‍ പ്രകാരമാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. നിലവില്‍ ഡോക്ടര്‍ രാജീവ് കുമാര്‍ മാത്രമാണ് കേസില്‍ പ്രതി. ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് യുവതി ഇന്ന് പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

അതിനിടെ, ഡോക്ടര്‍ക്ക് എതിരെ ഗുരുതര ആരോപണവുമായി ശസ്ത്രക്രിയക്ക് വിധേയയായ യുവതിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. ശസ്ത്രക്രിയ നേരത്തെയാക്കാന്‍ ഡോക്ടര്‍ രാജീവ്കുമാര്‍ പണം ആവശ്യപ്പെട്ടെന്നാണ് ബന്ധുക്കളുടെ വെളിപ്പെടുത്തല്‍. ഗൂഗിള്‍ പേയില്‍ പണം നല്‍കിയതിന് തെളിവുണ്ടെന്നും ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. മറ്റൊരു ഡോക്ടര്‍ പറഞ്ഞിട്ടാണ് സര്‍ജനെ കണ്ടതെന്നും ബന്ധു വെളിപ്പെടുത്തിയിരുന്നു.

ശസ്ത്രക്രിയ പിഴവില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വിദഗ്ധസമിതി റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു. യുവതിയുടെ നെഞ്ചില്‍ ട്യൂബ് കുടുങ്ങിയ സംഭവത്തില്‍ ബന്ധപ്പെട്ട ശസ്ത്രക്രിയ പിഴവ് നേരത്തെ തന്നെ ബോധ്യപ്പെട്ടിരുന്നു എന്ന് ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. 

വിഷയത്തില്‍ പരാതി ലഭിച്ചാല്‍ വിദഗ്ധ സമിതിക്ക് കൈമാറി നടപടി സ്വീകരിക്കുമെന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഇന്നലെ വ്യക്തമാക്കിയത്. വിഷയത്തില്‍ പരാതി ലഭിക്കും മുന്‍പ് അന്വേഷണം നടത്തിയിരുന്നു. 2025 ഏപ്രില്‍ വിദഗ്ധസമിതി രൂപീകരിച്ചിരുന്നു. ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ നിന്നും അഭിപ്രായം തേടിയിരുന്നു. ട്യൂബ് നെഞ്ചിലുള്ളത് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കില്ലെന്ന് റിപ്പോര്‍ട്ട് കിട്ടിയെന്നും ആരോഗ്യവകുപ്പ് വിശദീകരിക്കുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 928