29 August, 2025 10:42:27 AM
അശ്ലീല കാസറ്റുകള്‍ സൂക്ഷിച്ച കേസ്; 28 വര്‍ഷത്തിന് ശേഷം കോട്ടയം സ്വദേശി കുറ്റവിമുക്തന്‍

കൊച്ചി: അശ്ലീല വിഡിയോ കാസറ്റുകൾ കടയിൽ സൂക്ഷിച്ചു എന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ട കോട്ടയം സ്വദേശിയെ 28 വർഷങ്ങൾക്കുശേഷം ഹൈക്കോടതി കുറ്റവിമുക്തനാക്കി. തെളിവിനായി ഹാജരാക്കിയ കസെറ്റുകൾ മജിസ്ട്രേറ്റ് നേരിട്ട് കണ്ട് പരിശോധിക്കാത്തതിനാൽ ഇന്ത്യൻ തെളിവു നിയമം അനുസരിച്ച് കേസ് നിലനിൽക്കില്ല എന്ന് വിധിന്യായത്തിൽ വ്യക്തമാക്കിയ ജസ്റ്റിസ് കൗസർ എടപ്പഗത്ത് കൂരോപ്പട സ്വദേശിയെ കുറ്റവിമുക്തനാക്കുകയായിരുന്നു.
1997ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.കൂരോപ്പട പഞ്ചായത്തിൽ ഹർജിക്കാരന്റെ ഉടമസ്ഥതയിലുള്ള കസെറ്റ് കടയിൽനിന്ന് അശ്ലീല ദൃശ്യങ്ങളടങ്ങിയ 10 കസെറ്റുകൾ പൊലീസ് പിടിച്ചെടുത്തെന്നാണ് കേസ്. ഐപിസി 292 വകുപ്പ് പ്രകാരം അശ്ലീല ദൃശ്യങ്ങൾ വിൽക്കുന്നതോ വിതരണം ചെയ്യുന്നതോ വാണിജ്യ ആവശ്യത്തിനായി ഉപയോഗിക്കുന്നതോ കുറ്റകരമാണ്.
കേസിൽ കോട്ടയം മജിസ്ട്രേറ്റ് കോടതി ഹർജിക്കാരനെ രണ്ടു വർഷം തടവ് ശിക്ഷയ്ക്കും 2000 രൂപ പിഴയും വിധിച്ചു. തുടർന്ന് ഹർജിക്കാരൻ വിധിക്കെതിരെ സെഷൻസ് കോടതിയിയെ സമീപിക്കുകയും കോടതി ശിക്ഷ ഒരു വര്‍ഷമായും പിഴ 1000 രൂപയായും കുറയ്ക്കുകയും ചെയ്തു.പിന്നീട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.