29 August, 2025 10:30:32 AM
മന്ത്രി ശശീന്ദ്രന്‍റെ സഹോദരീപുത്രിയും ഭർത്താവും വീട്ടിൽ തീപൊള്ളലേറ്റ് മരിച്ച നിലയിൽ

കണ്ണൂര്‍: കണ്ണൂര്‍ കോർപറേഷൻ പരിധിയിലെ അലവിലില്‍ ദമ്പതികളെ വീട്ടില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. അനന്തന്‍ റോഡിന് സമീപത്തെ കല്ലാളത്തില്‍ പ്രേമരാജന്‍ (75), ഭാര്യ എ കെ ശ്രീലേഖ (68) എന്നിവരാണ് മരിച്ചത്. മന്ത്രി എ കെ ശശീന്ദ്രന്റെ സഹോദരിയുടെ മകളാണ് മരിച്ച ശ്രീലേഖ. മകന്‍ വിദേശത്തുനിന്ന് എത്തുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പാണ് ഇരുവരുടെയും മരണം.
വ്യാഴാഴ്ച വൈകിട്ട് 5.45നാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. വിദേശത്ത് നിന്നുവരുന്ന മകനെ വിമാനത്താവളത്തിൽനിന്നും കൂട്ടിക്കൊണ്ടുവരാന്‍ കാറെടുക്കാന്‍ ഡ്രൈവര്‍ സരോഷ് വീട്ടിലെത്തി ദമ്പതികളെ വിളിച്ചപ്പോള്‍ പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് ഡ്രൈവര്‍ വളപട്ടണം പൊലീസില്‍ വിവരം അറിയിച്ചു. അയല്‍വാസികള്‍ വീട് തുറന്ന് അകത്തേക്ക് കടന്നപ്പോഴാണ് കിടപ്പുമുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടത്.
തുടര്‍ന്ന് വളപട്ടണം പൊലീസും സ്ഥലത്തെത്തി. ഇരുവരെയും വ്യാഴാഴ്ച വീട്ടിന് പുറത്തേക്ക് കണ്ടിരുന്നില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു. ഗേറ്റിലെ ബോക്സില്‍ പത്രവും എടുക്കാതെ ഉണ്ടായിരുന്നു. വീട് അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു. ശ്രീലേഖയുടെ തലയുടെ പിന്‍ഭാഗം പൊട്ടി രക്തം വാര്‍ന്ന നിലയിലാണ്.