28 August, 2025 12:37:29 PM
ഗൂഗിള്‍ മാപ്പ് നോക്കി യാത്ര; വാന്‍ നദിയില്‍ വീണ് നാല് മരണം

ജയ്പൂര്‍: ഗൂഗിള്‍ മാപ്പ് നോക്കി തീര്‍ഥയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന വാന്‍ വഴിതെറ്റി നദിയില്‍ വീണ് നാലുപേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് കുട്ടികളുമുണ്ടായിരുന്നു. ഒരു കുട്ടിയുടെ മൃതദേഹത്തിനായി രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.
ചിക്കോര്‍ഗഡ് ജില്ലയിലെ കനക്കേഡ ഗ്രാമത്തില്‍ നിന്നുള്ള കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ മൂന്നു വര്‍ഷമായി അടച്ചിട്ടിരുന്ന സോംമ്പി-ഉപെര്‍ഡ പാലത്തിലേക്ക് ഗൂഗിള്‍ മാപ്പിന്റെ നിര്‍ദേശം പിന്തുടര്‍ന്ന് വാന്‍ കയറിയതാണ് ദുരന്തത്തിന് കാരണം. മാതൃകുണ്ഡ്യ ഡാമിന്റെ ഷട്ടറുകള്‍ തുറന്നതിനാല്‍ പാലത്തിനടിയിലൂടെ വെള്ളം കവിഞ്ഞൊഴുകിയിരുന്നു. ശക്തമായ ഒഴുക്കില്‍ വാന്‍ നിയന്ത്രണം തെറ്റി പാലത്തില്‍ നിന്ന് താഴേക്ക് ഒലിച്ചുപോയി.
അപകടസമയത്ത് വാനില്‍ ഒന്‍പത് പേര്‍ ഉണ്ടായിരുന്നു. ഇവരില്‍ അഞ്ചുപേര്‍ വാനിന്റെ മേല്‍ക്കൂരയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും, പോലിസ് എത്തി അവരെ രക്ഷപ്പെടുത്തി. പുലര്‍ച്ചെ ഏകദേശം ഒന്നോടെയാണ് സംഭവം നടന്നത്. സ്ഥലത്ത് ആരും ഇല്ലാത്തതിനാല്‍ അപകടത്തെക്കുറിച്ച് വിവരം പോലിസിന് വൈകിയാണ് ലഭിച്ചത്. രക്ഷപ്പെട്ടവര്‍ പോലിസിനെ വിളിച്ച് വിവരം അറിയിച്ചതിനെ തുടര്‍ന്ന് തിരച്ചില്‍ ആരംഭിച്ചതായി രശ്മി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ദേവേന്ദ്ര ദേവാല്‍ അറിയിച്ചു.