27 August, 2025 05:21:49 PM
വ്യാജതിരിച്ചറിയൽ കാർഡ്: രാഹുൽ മാങ്കൂട്ടത്തിലിന് ക്രൈംബ്രാഞ്ച് നോട്ടീസ്

തിരുവനന്തപുരം: ലൈംഗിക ആരോപണൾ നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് വ്യാജ തിരിച്ചറിയൽ കാർഡ് കേസിലും തിരിച്ചടി. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനായി വ്യാജ കാര്‍ഡുണ്ടാക്കിയെന്ന കേസില്‍ ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. പ്രതികളിലൊരാളുടെ മൊബൈലില്‍ നിന്ന് ലഭിച്ച ശബ്ദസന്ദേശത്തില്‍ രാഹുലിന്‍റെ പേര് വന്നതോടെയാണ് വീണ്ടും ചോദ്യം ചെയ്യല്‍.
യുവതികളുടെ ആരോപണ പരമ്പരകളില്‍പെട്ട് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം നഷ്ടമായ രാഹുലിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു. ഒരാഴ്ചയായി അടൂരിലെ വീട്ടില്‍ ഒതുങ്ങിക്കൂടുകയാണ് രാഹുൽ. അതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റായത് മുതല്‍ രാഹുലിന് തലവേദനയായിരുന്ന വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ് വീണ്ടും തലപൊക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വിജയിക്കാനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ കാര്‍ഡ് വ്യാജമായുണ്ടാക്കിയെന്നാണ് കേസ്. ഇതില്‍ ക്രൈംബ്രാഞ്ച് സംഘം രാഹുലിനെ വീണ്ടും ചോദ്യം ചെയ്യും. ശനിയാഴ്ച തിരുവനന്തപുരത്തെ ഓഫീസിലെത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസിന്‍റെ തുടക്കത്തില്‍ അന്ന് അന്വേഷിച്ചിരുന്ന മ്യൂസിയം പൊലീസ് രാഹുലിനെ ചോദ്യം ചെയ്തിരുന്നു. കാര്യമായ തെളിവൊന്നും ലഭിച്ചില്ലാത്തതിനാല്‍ പ്രതിചേര്‍ത്തിട്ടില്ല. പിന്നീട് കേസേറ്റെടുത്ത ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണമാണ് വീണ്ടും രാഹുലിലേക്ക് നീളുന്നത്.