27 August, 2025 11:37:41 AM


ഉദയകുമാർ ഉരുട്ടിക്കൊലക്കേസ്: മുഴുവൻ പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതി



കൊച്ചി: ഫോർട്ട് സ്റ്റേഷനിലെ ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതി. അന്വേഷണത്തിൽ സിബിഐക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. ഒന്നാം പ്രതിക്ക് സിബിഐ കോടതി വിധിച്ച വധശിക്ഷ ഉൾപ്പെടെ റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി മുഴുവൻ പ്രതികളേയും വെറുതെ വിട്ടത്. 2018 ലാണ് സിബിഐ കോടതി 2 പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. രണ്ടാം പ്രതി നേരത്തെ മരിച്ചിരുന്നു. നാല് പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. 

മതിയായ തെളിവുകളില്ലാത്ത കേസിൽ സിബിഐ അന്വേഷണം ശരിയായ രീതിയിൽ അല്ലെന്നാണ് കോടതി ചൂണ്ടിക്കാണിക്കുന്നത്. 2005 സെപ്തംബർ 29നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു ഉദയകുമാറിനേയും സുഹൃത്ത് സുരേഷ് കുമാറിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുക്കുമ്പോൾ 4,000 രൂപ ഉദയകുമാറിന്‍റെ കയ്യിലുണ്ടായിരുന്നു. ഇത് മോഷ്ടിച്ചതാണെന്ന് ആരോപിച്ചാണ് ഉദയകുമാറിനെ മർദിച്ച് കൊലപ്പെടുത്തിയത്.

ആറു പൊലീസുകാരായിരുന്നു കേസിലെ പ്രതികൾ. രാഷ്ട്രീയമായി ആ കാലത്ത് ഏറെ കോളിളക്കം ഉണ്ടാക്കിയ കേസായിരുന്നു ഉദയകുമാർ ഉരുട്ടിക്കൊലക്കേസ്. അക്കാലത്ത് ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ വലിയ വിമർശനം ഉയർന്നു. ശ്രീകണ്ഠേശ്വരം പാർക്കിൽ നിന്ന് അന്നത്തെ ഫോർട്ട് സിഐ ആയിരുന്ന ഇകെ സാബുവിന്‍റെ പ്രത്യേക സ്ക്വാഡിലുള്ള പൊലീസുകാരാണ് ഉയദകുമാറിനെ കസ്റ്റഡിയിലെടുത്തത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K