23 August, 2025 09:14:38 AM
കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ പുതിയ വികസന പദ്ധതികൾ: നിർമാണ ഉദ്ഘാടനം നടന്നു

കാടാമ്പുഴ: ശ്രീ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ പുതുതായി ആരംഭിക്കുന്ന വിവിധ പദ്ധതികളുടെ നിർമാണ ഉദ്ഘാടനം മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ കെ വാസു നിർവഹിച്ചു. മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി സി ബിജു അധ്യക്ഷനായി.
ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മുട്ടറുക്കലിന് വേണ്ടി ഭക്തജനങ്ങൾ മണിക്കൂറുകൾ കാത്തുനിൽക്കുന്ന വളരെ ക്ലേശകരമായ സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടി ക്ഷേത്ര പരിസരത്ത് ആധുനിക സൗകര്യങ്ങളോടെയുള്ള ക്യൂ കോംപ്ലക്സ് നിർമിക്കും. ഒപ്പം ക്ഷേത്ര പ്രദക്ഷിണ വഴിയിൽ നടപന്തലുകളും ക്ഷേത്രനടക്ക് മുന്നിൽ തുലാഭാര മണ്ഡപവും നിർമ്മിക്കും. ഈ പദ്ധതികളുടെ നിർമ്മാണോദ്ഘാടനമാണ് വെള്ളിയാഴ്ച നടന്നത്.
ക്ഷേത്രം തന്ത്രി അണ്ടലാടി മന പരമേശ്വരൻ നമ്പൂതിരിപ്പാട്, മേൽശാന്തി പുതുമന മഠം ഹരിദാസ് എമ്പ്രാന്തിരി എന്നിവർ ചേർന്ന് ഭദ്ര ദീപം തെളിയിച്ചു. കാടാമ്പുഴ ക്ഷേത്രം മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ചിങ് മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി സി ബിജു നിർവഹിച്ചു. കാടാമ്പുഴ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ വി കെ ശ്രീജിത്ത് വിശിഷ്ടാതിഥിയായി. കാടാമ്പുഴ ദേവസ്വം ട്രസ്റ്റി ഡോ. എം വി രാമചന്ദ്രവാര്യർ അനുഗ്രഹവചനം നടത്തി.
ദേവസ്വം ബോർഡ് ഇൻസ്‌പെക്ടർമാരായ എം വേണുഗോപാൽ, എ ബാബുരാജ്, മലബാർ ദേവസ്വം ബോർഡ് മെമ്പർ പ്രജീഷ് തിരുത്തിയിൽ, മലപ്പുറം ഏരിയ കമ്മിറ്റി ചെയർമാൻ ഒ കെ ബേബി ശങ്കർ, ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണർ കെ കെ പ്രമോദ് കുമാർ, സീനിയർ സൂപ്രണ്ട് സി സി ദിനേശ്, മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് ഷെരീഫ ബഷീർ, മെമ്പർ നിമിഷ പ്രദീപ്, എന്നിവർ പ്രസംഗിച്ചു. പി ഉണ്ണിമായ, കെ പി ദേവതീർത്ഥ എന്നിവർ പ്രാർഥനാഗാനം ആലപിച്ചു. കാടാമ്പുഴ ദേവസ്വം എഞ്ചിനീയർ കെ വിജയകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എസ് രഞ്ജൻ സ്വാഗതവും മാനേജർ കെ ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.