19 August, 2025 11:06:08 AM


'നീ കുഞ്ഞുങ്ങളെ പീഡിപ്പിക്കും അല്ലേടാ...'; അസഫാക് ആലത്തിന് ജയിലില്‍ സഹതടവുകാരന്റെ മര്‍ദ്ദനം



തൃശൂര്‍: ആലുവയില്‍ അഞ്ചു വയസ്സുള്ള ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക് ആലത്തിന് ജയിലില്‍ വെച്ച് മര്‍ദ്ദനമേറ്റു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഞായറാഴ്ചയായിരുന്നു സംഭവം. വരാന്തയിലൂടെ നടന്നുപോകുമ്പോള്‍ സഹതടവുകാരനായ കോട്ടയം സ്വദേശി രഹിലാല്‍ ആക്രമിക്കുകയായിരുന്നു. ജയിലിലെ ഡി ബ്ലോക്കിലായിരുന്നു ഇരുവരെയും പാര്‍പ്പിച്ചിരുന്നത്.

 'നീ കുഞ്ഞുങ്ങളെ പീഡിപ്പിക്കും അല്ലേടാ... ' എന്നു ചോദിച്ചായിരുന്നു മർദ്ദനം. സ്പൂണ്‍ കൊണ്ട് അസഫാകിന്റെ തലയിലും മുഖത്തും കുത്തി. മര്‍ദ്ദനത്തില്‍ അസഫാക്കിന് പരിക്കേറ്റു. സംഭവത്തില്‍ അസഫാക് ആലത്തിന്റെ പരാതിയില്‍ തടവുകാരന്‍ രഹിലാലിനെതിരെ കേസെടുത്തു. ഇരുവരേയും വേവ്വേറെ ബ്ലോക്കിലേക്ക് മാറ്റുമെന്ന് ജയില്‍ അധികൃതര്‍ സൂചിപ്പിച്ചു.

ബിഹാർ സ്വദേശിയായ 5 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക് ആലത്തിന് (28) എറണാകുളം പോക്സോ പ്രത്യേക കോടതി വധശിക്ഷ വിധിച്ചിരുന്നു. തായിക്കാട്ടുകരയിൽനിന്നു തട്ടിക്കൊണ്ടുപോയ പെൺകുഞ്ഞിന്റെ മൃതദേഹം 2023 ​ജൂലൈ 28ന് ആലുവ മാർക്കറ്റിന് സമീപം ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K