16 August, 2025 07:34:15 PM
തിരഞ്ഞെടുപ്പ് അടുക്കുന്നു; വ്യാജവോട്ട് സൃഷ്ടിക്കാന്‍ നെട്ടോട്ടവുമായി ജനപ്രതിനിധികള്‍
- സ്വന്തം ലേഖിക

കോട്ടയം: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, വിജയം ഉറപ്പിക്കാന്‍ വിവിധ രാഷ്ട്രീയ കക്ഷികളും ജനപ്രതിനിധികളും നെട്ടോട്ടമാരംഭിച്ചു. ഇതിനിടെയാണ് വ്യാജവോട്ട് ആരോപണം വിവിധ കോര്‍ണറുകളില്‍നിന്നും ഉയരുന്നത്. കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ തൃശൂരിൽ വ്യാപകമായി വ്യാജ വോട്ട് ചേർത്തതിന്‍റെ രാഷ്ട്രീയ ഉത്തരവാദിത്തം കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെയും ബിജെപിയുടെയും തലയ്ക്കുമുകളില്‍ മൂര്‍ച്ചയേറിയ വാളായി തൂങ്ങികിടക്കവെയാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും പുതിയ ആരോപണങ്ങള്‍ ഉയരുന്നത്.
തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഡുകളുടെ എണ്ണത്തില്‍ വന്ന വ്യത്യാസം, വീണ്ടും മത്സരിക്കാന്‍ കച്ച കെട്ടിയിരിക്കുന്ന ജനപ്രതിനിധികളെ ചില്ലറയല്ല വിഷമിപ്പിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ വിജയത്തിന് നിര്‍ണായവോട്ടായി മാറിയവര്‍ കൂട്ടത്തോടെയും അല്ലാതെയും പുതിയ വാര്‍ഡുകളിലേക്ക് മാറ്റപ്പെട്ടതിന്‍റെ കേട് തീര്‍ക്കുക എന്ന ലക്ഷ്യത്തിലുള്ള ജനപ്രതിനിധകളുടെ പ്രവര്‍ത്തനമാണ് മിക്കയിടങ്ങളിലും വ്യാജവോട്ടില്‍ എത്തിനില്‍ക്കുന്നത്. ഇതിനായി ഇക്കൂട്ടര്‍ ആശ്രയിക്കുന്നത് തമിഴ്നാട്, ബംഗാള്‍, ആസാം തുടങ്ങി ഇതരസംസ്ഥാനങ്ങളില്‍നിന്നും കേരളത്തില്‍ എത്തിയിട്ടുള്ള തൊഴിലാളികളെയും.
ഇത്തരത്തിലുള്ള തൊഴിലാളികളില്‍ പ്രായപൂര്‍ത്തിയായവരെല്ലാം തന്നെ അവരുടെ നാട്ടില്‍ സമ്മതിദാനാവകാശം ഉള്ളവരാണ്. അല്ലെങ്കില്‍ കൃത്രിമ തിരിച്ചറിയല്‍ രേഖയുമായി ഇവിടെ തുടരുന്നവരാകാം. ഇത്തരക്കാരെ കണ്ടെത്തി പല തരത്തിലുള്ള വാഗ്ദാനങ്ങള്‍ നല്‍കി കേരളത്തിലെ വോട്ടേഴ്സ് ലിസ്റ്റില്‍ ചേര്‍ക്കുന്നതിലൂടെയാണ് വ്യാജവോട്ട് സൃഷ്ടിക്കപ്പെടുന്നത്. ഇതരസംസ്ഥാനതൊഴിലാളികളെ ഇത്തരത്തില്‍ ഇവിടെ വോട്ടേഴ്സ് ലിസ്റ്റില്‍ ചേര്‍ക്കുന്നത് തന്നെ നിലവില്‍ ഇവിടെ വാടകയ്ക്ക് താമസിക്കുന്ന വിലാസത്തിലോ അല്ലെങ്കില്‍ മറ്റാരുടെയെങ്കിലും താത്ക്കാലിക വിലാസത്തിലോ ആയിരിക്കും. ഇതിനായി വ്യാജ വാടകകരാര്‍ പോലും സൃഷ്ടിക്കപ്പെട്ടതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
തൊഴിലാളികളുടെ നാട്ടിലെ വോട്ട് കാര്യങ്ങൾ തിരക്കാതെയാണ് ഇവിടെ വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കുന്നത്. ഇത്തരത്തിൽ ഇരട്ട വോട്ടുകൾ കൂടുന്നതായ പരാതികൾ പരക്കെ ഉയരുന്നുണ്ട്. കോട്ടയം ജില്ലയില്‍ ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍ ഒരു കൌണ്‍സിലറുടെ ഭാഗത്തുനിന്നുമുണ്ടായ ഇത്തരം നീക്കത്തിനെതിരെ എതിര്‍പാര്‍ട്ടികള്‍ രംഗത്ത് വന്നിട്ടുണ്ട്. വോട്ടേഴ്സ് ലിസ്റ്റ് പ്രസിദ്ധീകരിച്ചാലുടന്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നാണ് ഇവര്‍ പറയുന്നത്.