11 August, 2025 10:53:36 AM


ബലാത്സം​ഗക്കേസ്: വേടനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി



കൊച്ചി: ബലാത്സംഗക്കേസിൽ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. വേടൻ ഒളിവിലാണെന്ന വാർത്തകൾക്ക് പിന്നാലെയാണ് വേടൻ വിദേശത്തേക്ക് കടക്കാതിരിക്കാനായുള്ള പൊലീസിന്റെ നടപടി. തൃക്കാക്കര പൊലീസാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. ഈ മാസം 18നാണ് വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരി​ഗണിക്കുന്നത്.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന യുവ ഡോക്ടറുടെ പരാതിയിലാണ് വേടനെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തത്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വേടനുമായി സൗഹൃദം ആരംഭിച്ചതെന്നും പരിചയത്തിനൊടുവില്‍ കോഴിക്കോട്ടെ ഫ്‌ളാറ്റില്‍ വെച്ച് വേടന്‍ ബലാത്സംഗം ചെയ്തുവെന്നുമായിരുന്നു ഡോക്ടറുടെ മൊഴി. 2023 ലാണ് വേടന്‍ തന്നെ ഒഴിവാക്കിയതെന്നും ഇരുവർക്കുമിടയിൽ സാമ്പത്തിക ഇടപാടുകൾ ഉള്ളതായും യുവതി മൊഴി നൽകിയിരുന്നു.

കേസെടുത്തതിന് പിന്നാലെ വേടൻ ഒളിവിൽ പോകുകയായിരുന്നു. വനിതാ ഡോക്ടറുടെ പരാതിയിൽ പറഞ്ഞിരിക്കുന്ന വേടന്റെ സുഹൃത്തുക്കളുടെയും പെൺകുട്ടിയുടെ സുഹൃത്തുക്കളുടെയും മൊഴി എടുക്കുകയെന്നതാണ് അടുത്ത ഘട്ടം. വേടൻ പെൺകുട്ടിയുമായി നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേസിൽ തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഇൻഫോപാർക്ക് എസ്എച്ച്ഒയ്ക്കാണ് നിലവിലെ ചുമതല.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K