10 August, 2025 08:06:27 PM


കോഴിക്കോട് സഹോദരിമാരുടെ മരണം കൊലപാതകം; സഹോദരനായി ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്തിറക്കി



കോഴിക്കോട്: ത‌‌ടമ്പാട്ട്താഴത്തെ സഹോദരിമാരുടെ കൊലപാതകത്തിൽ ഇളയ സഹോദരൻ പ്രമോദിനായി ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്തിറക്കി പോലീസ്. പ്രതിക്കായി മലപ്പുറം തിരൂരിലും അന്വേഷണം ആരംഭിച്ചു. തടമ്പാട്ടുതാഴത്ത് വാടകയ്ക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെ ഇന്നലെ പുലർച്ചെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

സഹോദരിമാര്‍ മരിച്ചു എന്ന് ഇവർക്കൊപ്പം താമസിച്ചിരുന്ന പ്രമോദ് തന്നെയാണ് പുലർച്ചെ 5 മണിയോടെ ബന്ധുക്കളെ അറിയിച്ചത്. ബന്ധുക്കൾ വീട്ടിലെത്തി പരിശോധിച്ചപ്പോൾ രണ്ടു പേരെയും മരിച്ച നിലയിൽ കണ്ടെത്തി. പ്രഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നപ്പോഴാണ് കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്. ശ്വാസം മുട്ടിയാണ് മരണം എന്നാണ് റിപ്പോർട്ട്.

സഹോദരൻ പ്രമോദിനേ കാണാതായത് ദുരൂഹത വർധിപ്പിച്ചു. രാവിലെ റിങ് ചെയ്ത പ്രമോദിന്റെ ഫോൺ പിന്നീട് സ്വിച് ഓഫ്‌ ആയിരുന്നു. കോഴിക്കോട് ഫറോഖിലാണ് അവസാനമായി ടവർ ലോക്കെഷൻ കാണിച്ചത്. ഇന്നലെ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് തുടങ്ങിയ കേദ്രങ്ങളിലും സിസിറ്റിവി കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.

തുടർന്ന് ചേവായൂർ പൊലീസ് ഇന്ന് രാവിലെയാണ് പ്രമോദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. പ്രമോദിനായി തിരൂരിലും അന്വേഷണം നടക്കുന്നുണ്ട്. വർഷങ്ങൾക്ക് മുൻപ് പ്രമോദ് തിരൂരിൽ ലോട്ടറി വില്പന നടത്തിയിരുന്നെന്നും അവിടെ സുഹൃത്തുക്കൾ ഉണ്ടെന്നുമാണ് പൊലീസ് പറയുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K