07 August, 2025 09:00:31 AM


ഉത്തരാഖണ്ഡ് മിന്നല്‍ പ്രളയം: കാണാതായവര്‍ക്കായുളള തിരച്ചില്‍ ഇന്നും തുടരും



റായ്പൂര്‍: ഉത്തരകാശിയില്‍ മിന്നല്‍ പ്രളയത്തില്‍ അകപ്പെട്ടവര്‍ക്കായുളള തിരച്ചില്‍ ഇന്നും തുടരും. അഞ്ച് മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. 190 പേരെ രക്ഷപ്പെടുത്തിയെന്ന് സര്‍ക്കാര്‍ അറിയിച്ചു. അപകട സ്ഥലത്ത് 60 അടിയിലേറെ ഉയരത്തിലാണ് മണ്ണും ചെളിയും അടിഞ്ഞിരിക്കുന്നത്. നൂറിലേറെ പേരെ കാണാതായെന്നാണ് സംശയിക്കുന്നത്. മിക്കയിടത്തും റോഡും പാലങ്ങളും തകര്‍ന്നത് യന്ത്രങ്ങളെത്തിച്ച് മണ്ണുനീക്കിയുളള തിരച്ചിലിന് തടസമാകുകയാണ്. അതിവേഗം പാതകള്‍ പുനര്‍നിര്‍മ്മിക്കാനുളള ശ്രമത്തിലാണ് സൈന്യവും സര്‍ക്കാരും.

ദുരന്തസ്ഥലത്തിന് സമീപം കുടുങ്ങിയ മലയാളികള്‍ സുരക്ഷിതരാണ്. മിന്നല്‍ പ്രളയത്തിന് കാരണമായത് മേഘവിസ്‌ഫോടനമല്ലെന്ന വാദവും ശക്തമാണ്. ദുരന്തത്തിന് മുന്‍പ് ധരാലി ഗ്രാമത്തില്‍ അത്തരത്തില്‍ ശക്തമായ മഴയുണ്ടായിട്ടില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. അസ്ഥിരമായ പാറക്കൂട്ടങ്ങളും ഹിമാനിയും നിരവധി നദികളുമുളള പ്രദേശമായതിനാല്‍ അതിവേഗം മണ്ണിടിച്ചിലിനും പെട്ടെന്നുളള വെളളപ്പൊക്കത്തിനും കാരണമാകുമെന്നാണ് വിലയിരുത്തല്‍.

ഓഗസ്റ്റ് അഞ്ചിനാണ് ഉത്തരാഖണ്ഡിലെ ധരാലിയിൽ മേഘവിസ്ഫോടനമുണ്ടായത്. ഹർസിൽ സൈനിക ക്യാംപിൽ നിന്ന് നാല് കിലോമീറ്റര്‍ അകലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ധരാലി ഗ്രാമത്തിന്റെ ഒരു ഭാഗം പൂര്‍ണമായും ഒലിച്ചുപോയി. എന്‍ഡിആര്‍എഫ് സംഘങ്ങളും സ്ഥലത്ത് രക്ഷാപ്രവർത്തനത്തിനായി സജീവമാണ്. ധരാലിയിലേക്കുളള റോഡ് നിർമാണം ഇന്നത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.  നദിക്ക് കുറുകെയുള്ള തകര്‍ന്ന പാലവും നിര്‍മിക്കാന്‍ നീക്കമുണ്ട്. ദേശീയപാത 34-ലെ തടസങ്ങള്‍ നീക്കാനും പ്രത്യേക ദൗത്യ സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്. ഇതിനായി ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ ഓപ്പറേഷന്‍ ശിവാലിക് എന്ന പേരില്‍ ദൗത്യം തുടങ്ങിയിട്ടുണ്ട്. ഉത്തരകാശി-ഗംഗോത്രി പാതയിലെ അവശിഷ്ടങ്ങളുടെ തടസം നീക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 939