02 August, 2025 03:56:17 PM


ഇന്നത്തെ മാധ്യമ പ്രവര്‍ത്തകരെ കാണുമ്പോള്‍ കരണത്തടിക്കാന്‍ തോന്നാറുണ്ട്- രേവന്ത് റെഡ്ഡി



ഹൈദരാബാദ്: ഇന്നത്തെ യുവ തലമുറയില്‍പ്പെട്ട മാധ്യമപ്രവര്‍ത്തകരെ കാണുമ്പോള്‍ ചിലപ്പോള്‍ കരണത്തടിക്കാന്‍ തോന്നാറുണ്ടെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി (A. Revanth Reddy). മുഖ്യമന്ത്രിയുടെ പരാമര്‍ശം പുറത്തുവന്നതിന് പിന്നാലെ അദ്ദേഹത്തിനെതിരേ സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും കടുത്ത വിമര്‍ശനം ഉയര്‍ന്നു.

തെലുങ്ക് ദിനപ്പത്രം നവ തെലങ്കാനയുടെ പത്താം വാര്‍ഷിക പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകുടെ സമര്‍പ്പണത്തെക്കുറിച്ച് പറഞ്ഞ അദ്ദേഹം യുവ റിപ്പോര്‍ട്ടര്‍മാര്‍ക്കിടയിലെ ധാര്‍ഷ്ട്യത്തെക്കുറിച്ചും മര്യാദയില്ലായ്മയെക്കുറിച്ചും താരതമ്യം ചെയ്തു.

"പണ്ടത്തെ മാധ്യമപ്രവര്‍ത്തകര്‍ പലപ്പോഴും തങ്ങളുടെ ആരോഗ്യവും കുടുംബവും അപകടത്തിലാക്കിയാണ് ജോലി ചെയ്തിരുന്നത്. അവര്‍ ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ ഉള്‍പ്രദേശങ്ങളിലേക്ക് പോകുമായിരുന്നു. ദിവസങ്ങളോളം അവിടെ ചെലവഴിച്ച് തങ്ങള്‍ കണ്ടെത്തിയ കാര്യങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുമായിരുന്നു," റെഡ്ഡി പറഞ്ഞു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ പുകഴ്ത്തിയ അദ്ദേഹം യുവ മാധ്യമപ്രവര്‍ത്തകരെ വിമര്‍ശിച്ചു.

"യുവമാധ്യമപ്രവര്‍ത്തകര്‍ക്ക് ഈ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ കുറിച്ച് ഒന്നും അറിയില്ല. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ കാണുമ്പോള്‍ എഴുന്നേറ്റ് നിന്ന് ബഹുമാനിക്കാന്‍ പോലുമുള്ള സാമാന്യബുദ്ധി അവര്‍ക്കില്ല. ചിലപ്പോള്‍ അവരെ കാണുമ്പോള്‍ കരണംനോക്കി ഒന്ന് പൊട്ടിക്കാന്‍ തോന്നാറുണ്ട്. എന്നാല്‍ സാഹചര്യവും പദവിയും അതിന് അനുവദിക്കാറില്ല," അദ്ദേഹം പറഞ്ഞു.

രേവന്ത് റെഡ്ഡിയുടെ പ്രസ്താവന പുറത്തുവന്നതോടെ കടുത്തവിമര്‍ശനങ്ങളും അദ്ദേഹത്തിനെതിരേ ഉയര്‍ന്നു. ഇത് അനാദരവാണെന്നും മുഖ്യമന്ത്രിയെപ്പോലെയുള്ള ഒരാള്‍ക്ക് യോജിച്ച പ്രവര്‍ത്തിയല്ലെന്നും പലരും വിശേഷിപ്പിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ വ്യക്തത വരുത്തണമെന്ന് മാധ്യമ സംഘടനകള്‍ ആവശ്യപ്പെട്ടു. എന്നാല്‍, റെഡ്ഡി ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 916