01 August, 2025 06:52:30 PM


കന്യാസ്ത്രീകളുടെ ജാമ്യത്തെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; ജാമ്യാപേക്ഷയില്‍ വിധി നാളെ



റായ്പൂര്‍: ഛത്തീസ്ഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യത്തെ എതിര്‍ത്ത് പ്രോസിക്യൂഷന്‍. എൻഐഎ കോടതിയിലാണ് പ്രോസിക്യൂഷൻ ജാമ്യത്തെ എതിർത്തത്. കേസില്‍ വാദം നടക്കുന്നതിനിടെയാണ് പ്രോസിക്യൂഷന്‍ നിലപാട് വ്യക്തമാക്കിയത്. കേസില്‍ അന്വേഷണം നടക്കുകയാണെന്നും പ്രതികളെ പുറത്തുവിടാന്‍ കഴിയില്ലെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്ന കേസാണിത്.തെളിവുകള്‍ സമാഹരിക്കുന്ന സമയം പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

കോടതികളില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തില്‍ പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ക്കുന്നതിന് ഉന്നയിക്കുന്ന പ്രധാന വാദമാണിത്. അതുതന്നെയാണ് ഛത്തീസ്ഗഡ് സര്‍ക്കാരും ഇന്ന് കോടതിയില്‍ പ്രയോഗിച്ചത്. കേസിൽ വാദം പൂർത്തിയായി. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും.

കോടതി നടപടികൾ ആരംഭിച്ചയുടൻ കന്യാസ്ത്രീകൾ തന്നെ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. കുടുംബവും സഭാ അധികൃതരുമാണ് ജാമ്യാപേക്ഷയുമായി എൻഐഎ കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ സെഷൻസ് കോടതിയിൽ ഛത്തീസ്​ഗഡ് സ‍ർക്കാർ എതി‍ർത്തിരുന്നു. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാൻ സെഷൻസ് കോടതിക്ക് അധികാരമില്ലെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്. ഇത് അംഗീകരിച്ചികൊണ്ടാണ് സെഷൻസ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയതും എൻഐഎ കോടതിയെ സമീപിക്കാൻ നി‍ർദ്ദേശിച്ചതും. ദുർഗ് മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയായിരുന്നു കന്യാസ്ത്രീകൾ ജാമ്യാപേക്ഷയുമായി സെഷൻസ് കോടതിയെ സമീപിച്ചത്.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവരായിരുന്നു അറസ്റ്റിലായത്. ഇവർക്കൊപ്പം മൂന്ന് പെൺകുട്ടികളുമുണ്ടായിരുന്നു. ഈ പെൺകുട്ടികളെ കടത്തുകയാണെന്നും നിർബന്ധിത പരിവർത്തനത്തിനിരയാക്കുകയാണെന്നും ആരോപിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകരാണ് രംഗത്തെത്തിയത്. കന്യാസ്ത്രീകളെ ബജ്‌റംഗ്ദൾ പ്രവർത്തകർ തടഞ്ഞുവെയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. ഇരുവർക്കുമെതിരെ നിർബന്ധിത പരിവർത്തനം, മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിസ്റ്റർ പ്രീതിയാണ് കേസിലെ ഒന്നാം പ്രതി. സിസ്റ്റർ വന്ദന രണ്ടാം പ്രതിയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 932