31 July, 2025 08:55:16 PM
'കരുതൽ' ലഹരിവിരുദ്ധ ക്യാമ്പയിൻ - കോട്ടയം ജില്ലാതല പരിശീലനം സംഘടിപ്പിച്ചു

കോട്ടയം : ലഹരി ഉപയോഗം വ്യക്തിയുടെ ആരോഗ്യത്തിനും കുടുംബബന്ധങ്ങൾക്കും സാമൂഹിക സുരക്ഷയ്ക്കും ഭീഷണിയാകുന്ന സാഹചര്യത്തിൽ, കുടുംബശ്രീ കോട്ടയം ജില്ലാ മിഷന്റെ നേതൃത്വത്തിൽ 'കരുതൽ' ലഹരിവിരുദ്ധ ക്യാമ്പയിൻ ആരംഭിച്ചു. പോലീസ്, എക്സൈസ്, ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യനീതി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പയിൻ നടപ്പാക്കുന്നത്. ക്യാമ്പയിന്റെ ഭാഗമായി ജില്ലാതല പരിശീലനം ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്നു. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉദ്്ഘാടനം ചെയ്തു. ജില്ലാ മിഷൻ കോ ഓഡിനേറ്റർ അഭിലാഷ് കെ. ദിവാകർ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ.ആർ. അജയ് മുഖ്യപ്രഭാഷണം നടത്തി. എക്‌സൈസ് വിമുക്തി മിഷൻ പ്രതിനിധികളായ ബെന്നി സെബാസ്റ്റ്യൻ, കെ.എസ്. അനീഷ എന്നിവർ ക്ലാസുകൾ നയിച്ചു. സൈബർ സെൽ എസ്.ഐ. ജയചന്ദ്രൻ, സൈബർ സെൽ ഓഫീസർ ജോബിൻ ജെയിംസ് എന്നിവർ സമൂഹമാധ്യമങ്ങളിലെ സൈബർ തട്ടിപ്പുകളേക്കുറിച്ച് ക്ലാസെടുത്തു.
അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പ്രകാശ് ബി. നായർ, ജില്ലാ പ്രോഗ്രാം മാനേജർ ഉഷാദേവി, സ്നേഹിതാ കൗൺസിലർ ഡോ. ഉണ്ണിമോൾ എന്നിവർ പങ്കെടുത്തു. 2025 ഓഗസ്റ്റ് 9,10 തീയതികളിൽ അയൽക്കൂട്ട തലത്തിൽ ലഹരിവിരുദ്ധ യോഗങ്ങൾ സംഘടിപ്പിച്ച് തനത് പ്രവർത്തനങ്ങൾ നടത്താനാണ് പദ്ധതിയിടുന്നത്.