31 July, 2025 08:51:11 PM
മുട്ടമ്പലം സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം വെള്ളിയാഴ്ച

കോട്ടയം: മുട്ടമ്പലം സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച (ഓഗസ്റ്റ് ഒന്ന്) രാവിലെ 10ന് റവന്യൂ-ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിക്കും. തുടർന്ന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ആധ്യക്ഷ്യം വഹിക്കും. അഡ്വ കെ. ഫ്രാൻസിസ് ജോർജ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, സബ് കളക്ടർ ഡി. രഞ്ജിത്ത്, കോട്ടയം നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, എ.ഡി.എം. എസ്. ശ്രീജിത്ത്, നഗരസഭാംഗം ജൂലിയസ് ചാക്കോ, കോട്ടയം താഹസീൽദാർ എസ്.എൻ. അനിൽകുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.ആർ. രഘുനാഥൻ, അഡ്വ. വി.ബി. ബിനു, പ്രൊഫ. ലോപ്പസ് മാത്യു, നാട്ടകം സുരേഷ്, ലിജിൻലാൽ, എം.ടി. കുര്യൻ, ബെന്നി മൈലാടൂർ, ഔസേപ്പച്ചൻ തകിടിയേൽ, പ്രശാന്ത് നന്ദകുമാർ, സണ്ണി തോമസ്, മാത്യൂസ് ജോർജ്, ജിയാഷ് കരീം, അസീസ് ബഡായി, അഡ്വ. ജയ്സൺ ജോസഫ്, ടോമി വേദഗിരി, ടി.സി അരുൺ, നിബു എബ്രഹാം എന്നിവർ പങ്കെടുക്കും.
കോട്ടയം ജില്ലയിൽ 47 വില്ലേജ് ഓഫീസുകൾ സ്മാർട്ട് ആക്കാനാണ് നിലവിൽ ഭരണാനുമതി നൽകിയിട്ടുളളത്. മുട്ടമ്പലം സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്യുന്നതോടെ പ്രവർത്തനം ആരംഭിച്ച സ്മാർട്ട് വില്ലേജുകൾ 27 ആകും. 20 എണ്ണമാണ് ഇനി പൂർത്തിയാകാനുള്ളത്.
44 ലക്ഷം രൂപ ചെലവിട്ടാണ്് മുട്ടമ്പലം വില്ലേജ് ഓഫീസ് സ്മാർട്ടാക്കിയിട്ടുള്ളത്. 1420 ചതുരശ്ര അടിയിലാണ് ഓഫീസിന്റെ നിർമാണം. വില്ലേജ് ഓഫീസറുടെ മുറി, ഓഫീസ്, റെക്കോഡ് മുറി, ഡൈനിങ് മുറി, ജീവനക്കാർക്കും പൊതുജനങ്ങൾക്കും അംഗപരിമിതർക്കമുളള ശുചിമുറി എന്നിവയാണ് രണ്ടുനിലകളായുള്ള കെട്ടിടത്തിൽ ഒരുക്കിയിരിക്കുന്നത്. ജില്ലാ നിർമിതി കേന്ദ്രത്തിനാണ് മുട്ടമ്പലം സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമാണച്ചുമതല.
പെരുമ്പായിക്കാട്, വെച്ചൂർ, ചെത്തിപ്പുഴ, ആനിക്കാട്, ളാലം, ഇളംകാട്, വെളിയന്നൂർ, തോട്ടയ്ക്കാട്, മാടപ്പളളി, എലിക്കുളം, കൂവപ്പളളി, മണിമല, കുലശേഖരമംഗലം, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ, മുണ്ടക്കയം, നെടുംകുന്നം, വടക്കേമുറി, വാഴൂർ, കോരുത്തോട്, തലയാഴം, എരുമേലി വടക്ക്, പേരൂർ, ചെമ്പ്, കൂരോപ്പട, കുറിച്ചി, എന്നി വില്ലേജ് ഓഫീസുകൾ സ്മാർട്ടാക്കി നാടിനു സമർപ്പിച്ചുകഴിഞ്ഞു. എരുമേലി സൗത്ത്, തലപ്പലം, പായിപ്പാട്, ചങ്ങനാശേരി, അയർക്കുന്നം, ഓണംതുരുത്ത്, കൈപ്പുഴ സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമാണം പുരോഗമിക്കുകയാണ്.
വില്ലേജ് ഓഫീസുകൾ ജനസൗഹൃദമാക്കാനും മുഖം മിനുക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയാണ് സ്മാർട്ട് വില്ലേജ് ഓഫീസ്. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനൊപ്പം സേവനങ്ങൾ വേഗത്തിലും സുതാര്യവും കടലാസ് രഹിതവുമാക്കി ഭരണനിർവഹണം കാര്യക്ഷമമാക്കുകയാണു ലക്ഷ്യം.