31 July, 2025 03:51:42 PM


ധര്‍മസ്ഥലയില്‍ ആറാം നമ്പര്‍ സ്പോട്ടില്‍ അസ്ഥികൂട ഭാഗങ്ങള്‍ കണ്ടെത്തി



ബംഗളൂരു: ധര്‍മസ്ഥലയില്‍ മണ്ണ് നീക്കി നടത്തിയ പരിശോധനയില്‍ അസ്ഥികൂട ഭാഗങ്ങള്‍ കണ്ടെത്തി. ക്ഷേത്രം മുന്‍ ശുചീകരണത്തൊഴിലാളി ചൂണ്ടിക്കാട്ടിയ ആറാം നമ്പര്‍ സ്‌പോട്ടില്‍ നിന്നാണ് അസ്ഥികൂട ഭാഗങ്ങള്‍ കണ്ടെത്തിയത്. മൂന്നാം ദിവസത്തെ പരിശോധനയിലാണ് നേത്രാവതി സ്‌നാനഘട്ടിനരികെയുള്ള കാടിന് സമീപത്തുനിന്ന് നിര്‍ണായകമായേക്കാവുന്ന തെളിവുകള്‍ ലഭിച്ചത്. എന്നാല്‍ ലഭിച്ച അസ്ഥികൂട ഭാഗങ്ങള്‍ മനുഷ്യന്റെതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ കൂടുതല്‍ പരിശോധന നടത്തുമെന്ന് പ്രത്യേക അന്വേഷണം സംഘം വ്യക്തമാക്കി.

പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്ന് ക്ഷേത്രം മുന്‍ ശുചീകരണത്തൊഴിലാളി ചൂണ്ടിക്കാട്ടിയ 13 സ്ഥലങ്ങള്‍ പ്രത്യേക അന്വേഷണസംഘം അടയാളപ്പെടുത്തിയിരുന്നു. അവിടെ ചില പോയിന്റുകൡ രണ്ടുദിവസം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. ഇനിയും പോയിന്റുകളില്‍ പരിശോധന ബാക്കിയുണ്ട്. എസ്‌ഐടി തലവന്‍ ജിതേന്ദ്ര ദയാമയും, പുത്തൂര്‍ എസി സ്റ്റെല്ല വര്‍ഗീസും അന്വേഷണത്തിന് നേതൃത്വം വഹിക്കുന്നു. പ്രദേശത്ത് സായുധ പൊലീസിന്റെ കാവലുമുണ്ട്.

രാജ്യത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലായിരുന്നു ഇത് സംബന്ധിച്ച് ശുചീകരണ തൊഴിലാളി നടത്തിയത് സൂപ്പര്‍വൈസറുടെ ഭീഷണിക്കു വഴങ്ങി നൂറുകണക്കിനു മൃതദേഹങ്ങള്‍ സംസ്‌കരിക്കേണ്ടിവന്നെന്നും, ഇതില്‍ പലതും ക്രൂരബലാല്‍സംഗത്തിനു ശേഷം കൊലപ്പെടുത്തിയ സ്ത്രീകളുടേതും കുട്ടികളുടേതുമായിരുന്നെന്നായിരുന്നു വെളിപ്പെടുത്തല്‍. തന്റെ ജീവനും അപകടത്തിലാണെന്ന് ഭയന്നാണു 2014ല്‍ ജോലി വിട്ടതെന്നും ശുചീകരണത്തൊഴിലാളി വിശദീകരിച്ചു. കുറ്റബോധത്തില്‍ ഉറങ്ങാന്‍ പോലും കഴിയാത്തതിനാലാണ് ഇപ്പോള്‍ പരസ്യമായി പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 951