29 July, 2025 08:07:39 PM
ഷാര്‍ജയിലെ വിപഞ്ചികയുടെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന്

കൊല്ലം: ഷാര്‍ജയിലെ വിപഞ്ചികയുടെ മരണത്തില്‍ കേസന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. ഭര്‍ത്താവ് നിതീഷ്, നിതീഷിന്റെ സഹോദരി നീതു ബേണി, അച്ഛന്‍ മോഹനന്‍ എന്നിവര്‍ക്കെതിരെ കൊല്ലത്ത് റജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് അന്വേഷണം.
2025 ജൂലൈ 9നാണ് കൊല്ലം കേരളപുരം സ്വദേശിയായ വിപഞ്ചികയേയും ഒന്നര വയസ്സുള്ള മകള്‍ വൈഭവിയേയും ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിപഞ്ചിക സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ആത്മഹത്യക്കുറിപ്പ് വഴി ഭര്‍തൃകുടുംബത്തില്‍ നിന്ന് വിപഞ്ചിക നേരിട്ട പീഡനങ്ങള്‍ പുറത്തുവന്നത്.
സംഭവത്തില്‍ നാട്ടില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്കും ഡിജിപിക്കും വിപഞ്ചികയുടെ കുടുംബം പരാതി നല്‍കിയിരുന്നു. വിപഞ്ചികയുടെ അമ്മയുടെ പരാതിയില്‍ കുണ്ടറ പൊലീസാണ് കേസെടുത്തത്. ഭര്‍ത്താവ് നിതീഷ്, നിതീഷിന്റെ സഹോദരി നീതു ബേണി, അച്ഛന്‍ മോഹനന്‍ എന്നിവര്‍ക്കെതിരെയായിരുന്നു പരാതി. തുടര്‍ന്ന് ഇവരെ പ്രതികളാക്കി സ്ത്രീധന പീഡന മരണം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു.
കേസിന്റെ ഗൗരവം അടക്കമുള്ള കാര്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ട് കുണ്ടറ പൊലീസ് തന്നെ കേസന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറണം എന്ന് ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് റൂറല്‍ എസ്പിക്ക് കൈമാറിയിരുന്നു. അതിനിടയിലാണ് ഇപ്പോള്‍ ഈ കേസ് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയിട്ടുള്ളത്. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമായിരിക്കും കേസ് അന്വേഷിക്കുക.