26 July, 2025 09:29:28 AM
സ്കൂളിൽ നിന്നു നൽകിയ അയൺ ഗുളികകൾ ഒന്നിച്ചു കഴിച്ചു; 3 വിദ്യാർഥികൾ ആശുപത്രിയിൽ

മലപ്പുറം: അയൺ ഗുളിക അധികമായി കഴിച്ചതിനെ തുടർന്നു മൂന്ന് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വള്ളിക്കുന്ന് സിബി ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അനീമിയ മുക്ത് ഭാരത് പദ്ധതിയിൽ കഴിഞ്ഞ ദിവസമാണ് ഇരുമ്പ് സത്ത് അടങ്ങിയ ഗുളിക നൽകിയത്.
ആഴ്ചയിൽ ഒന്ന് വീതമാണ് ഇതു കഴിക്കേണ്ടത്. ഒരു മാസത്തേക്ക് ആറ് ഗുളികളയാണ് നൽകിയത്. വീട്ടിൽ എത്തി രക്ഷിതാക്കളോടു പറഞ്ഞ് കഴിക്കാനാണ് നിർദ്ദേശം നൽകിയത്. എന്നാൽ ഇതനുസരിക്കാതെ മുഴുവൻ ഗുളികകളും ക്ലാസിൽ വച്ച് കഴിച്ചവരാണ് ആശുപത്രിയിലായത്. ചില വിദ്യാർഥികൾ അധ്യാപകരോടു വിവരം പറഞ്ഞതിനെ തുടർന്ന് പ്രത്യേക പരിശോധന നടത്തി മുഴുവൻ ഗുളികകളും വിഴുങ്ങിയവരെ കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ആദ്യം സ്വകാര്യ ആശുപത്രിയിലും ഫറോക്ക് ഗവ. താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് നിരീക്ഷണത്തിനായി വിദ്യാർഥികളെ മെഡിക്കൽ കോളജിലേക്ക് മാറ്റി. വിദ്യാർഥികൾക്ക് മറ്റ് പ്രശ്നങ്ങളില്ലെന്നു പ്രധാനാധ്യാപകൻ വ്യക്താക്കി. 12 മണിക്കൂർ നിരീക്ഷണമാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്.