19 July, 2025 10:34:18 AM


ആര്‍എല്‍വി രാമകൃഷ്ണനെതിരെ സത്യഭാമ നല്‍കിയ അപകീര്‍ത്തിക്കേസ് ഹൈക്കോടതി റദ്ദാക്കി



കൊച്ചി: നര്‍ത്തകരായ ആര്‍എല്‍വി രാമകൃഷ്ണന്‍, യു ഉല്ലാസ് എന്നിവര്‍ക്കെതിരെ നൃത്താധ്യാപിക സത്യഭാമ നല്‍കിയ അപകീര്‍ത്തിക്കേസ് ഹൈക്കോടതി റദ്ദാക്കി. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസിലെ തുടര്‍നടപടികളാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് റദ്ദാക്കിയത്. രാമകൃഷ്ണനും ഉല്ലാസും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് നടപടി.

2018 ജനുവരിയില്‍ അബുദാബിയില്‍ മലയാളി അസോസിയേഷന്‍ നടത്തിയ നൃത്ത മത്സരത്തില്‍ സത്യഭാമ വിധി കര്‍ത്താവായിരുന്നു. ഇവിടെ ഹര്‍ജിക്കാര്‍ പരിശീലിപ്പിച്ച നര്‍ത്തകര്‍ പിന്തള്ളപ്പെട്ടു. ഇത് ബോധപൂര്‍വ്വമാണെന്ന് കരുതിയ ഹര്‍ജിക്കാര്‍ സത്യഭാമയെ ഫോണില്‍ ബന്ധപ്പെട്ടു. മത്സരാര്‍ത്ഥികളുടെ മുദ്രകള്‍ പലതും തെറ്റാണെന്നും നൃത്താധ്യാപകര്‍ക്ക് പോലും പിശക് പറ്റാറുണ്ടെന്നും സത്യഭാമ വിശദീകരിച്ചു. ഇത് നൃത്തഗുരുക്കന്മാര്‍ക്കെതിരായ പരാമര്‍ശമെന്ന നിലയില്‍ ഹര്‍ജിക്കാര്‍ പ്രചരിപ്പിച്ചുവെന്നാണ് പരാതി.

ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത പരാതിക്കാര്‍ അത് എഡിറ്റ് ചെയ്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും പ്രസിദ്ധീകരണത്തിന് നല്‍കുകയും ചെയ്‌തെന്നും സത്യഭാമ പരാതിയില്‍ ആരോപിക്കുന്നു. എന്നാല്‍ ആരോപിക്കുന്ന പ്രസ്താവനകളും പ്രസിദ്ധീകരണത്തിന്റെ പകര്‍പ്പുകളും പരാതിയോടൊപ്പം ഹാജരാക്കിയിട്ടില്ലെന്ന് കോടതി കണക്കിലെടുത്തു. തെളിവുകളുടെ അഭാവത്തില്‍ കേസ് നിലനില്‍ക്കില്ലെന്ന് കോടതി അറിയിക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 934