19 July, 2025 10:27:38 AM


മിഥുന്റെ അമ്മ നാട്ടിലെത്തി; സംസ്‌കാരം ഇന്ന് വൈകുന്നേരം വീട്ടുവളപ്പിൽ



നെടുമ്പാശേരി: കൊല്ലം തേവലക്കര സ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുനെ ഒരുനോക്ക്‌ കാണുന്നതിനായി അമ്മ നാട്ടിലെത്തി. ഇന്ന് രാവിലെയൊടെയാണ്‌ മിഥുന്റെ അമ്മ സുജ നെടുമ്പാശേരിയിൽ വിമാനമിറങ്ങിയത്‌. കുവൈത്തിൽ ജോലി ചെയ്യുകയായിരുന്നു സുജ. 

മിഥുന്റെ സംസ്കാരച്ചടങ്ങുകൾ ഇന്ന്‌ വൈകിട്ട് നാല്‌ മണിക്കാണ്‌. മിഥുന്റെ വീടായ പടിഞ്ഞാറെ കല്ലട വിളന്തറ മനുഭവനത്തിലാണ്‌ സംസ്‌കാര ചടങ്ങുകൾ നടക്കുക. പോസ്റ്റ്മോർട്ടത്തിനുശേഷം താലൂക്കാശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മിഥുന്റെ മൃതദേഹം  തേവലക്കര ബോയ്‌സ് ഹൈസ്കൂളിൽ പൊതുദർശനത്തിന് വച്ചിരിക്കുകയാണ്. 12നാണ്‌  വിലാപയാത്രയായി മിഥുന്റെ മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വീട്ടിലേക്ക് കൊണ്ടുപോവുക.

സ്‌കൂളിലെ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പെടുക്കാൻ കയറിയപ്പോഴാണ് മിഥുൻ മനു (13) ഷോക്കേറ്റ് മരിച്ചത്. പിന്നാലെ സ്‌കൂൾ മാനേജ്മെന്റ് കമ്മിറ്റിക്ക് വീഴ്ച്ചയുണ്ടായെന്ന് വൈദ്യുത വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. തറയിൽ നിന്ന് ലൈനിലേക്കും സൈക്കിൾ ഷെഡിലേക്കും സുരക്ഷാ അകലം പാലിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

സംഭവത്തിൽ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തിരുന്നു. സ്കൂൾ മാനേജരാണ് സസ്പെൻഷൻ ഉത്തരവിറക്കിയത്. കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതായാണ് ഉത്തരവിൽ പറയുന്നത്. സീനിയർ അധ്യാപിക മോളിക്ക് പ്രധാനാധ്യാപികയുടെ പകരം ചുമതല നൽകി.

കുട്ടിയുടെ കുടുംബത്തിന് ധനസഹായം നൽകുന്ന കാര്യം അടിയന്തിരമായി പരിഗണിക്കുമെന്ന് കഴിഞ്ഞദിവസം മന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നു. പൊതു വിദ്യാഭ്യാസ വകുപ്പ് സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് മുഖേന കുടുംബത്തിന് മികച്ച വീട് നിർമ്മിച്ചു നൽകും. ഇളയക്കുട്ടിക്ക് പ്ലസ്ടുവരെ പരീക്ഷാഫീസ് ഒഴിവാക്കും. കുടുംബത്തിന് അടിയന്തിര സഹായമെന്ന നിലയിൽ മൂന്ന് ലക്ഷം രൂപ നൽകുമെന്നും മന്ത്രി പറഞ്ഞിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K