18 July, 2025 09:12:43 AM


പാചകവാതക സിലിന്‍ഡര്‍ ചോര്‍ന്ന് തീപിടുത്തം; ഭാര്യയ്ക്ക് പിന്നാലെ ഭര്‍ത്താവും മരിച്ചു



തൃശൂര്‍: വെള്ളാങ്ങല്ലൂര്‍ എരുമത്തടം ഫ്രന്‍ഡ്സ് ലെയ്നില്‍ വീട്ടിലെ പാചകവാതക സിലിന്‍ഡര്‍ ചോര്‍ന്ന് തീപിടിച്ച് പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന ഗൃഹനാഥനും മരിച്ചു. തൃക്കോവില്‍ വാരിയത്ത് രവീന്ദ്രനാണ് (70) എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ വ്യാഴാഴ്ച രാവിലെ മരിച്ചത്. 

തീപിടിത്തത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ഭാര്യ ജയശ്രീ (60) അപകടം നടന്ന അന്ന് രാത്രി തന്നെ മരിച്ചിരുന്നു. ജൂലായ് എട്ടിനായിരുന്നു അപകടം. രാവിലെ വീടുപൂട്ടി ബന്ധുവീട്ടിലെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് ഉച്ചക്ക് രണ്ടോടെ തിരിച്ചെത്തിയ ശേഷം വീട്ടിലുള്ളിലെ സ്വിച്ച് ഓണ്‍ ചെയ്തപ്പോള്‍ പാചകവാതകത്തിന് തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.

അടുപ്പില്‍ നിന്നാവാം പാചകവാതകം ലീക്കായാതെന്നാണ് ഗ്യാസ് കമ്പനി അധികൃതരുടെ പരിശോധനയില്‍ കണ്ടെത്തിയത്. ലീക്കായ പാചകവാതകം വീട്ടിലെ മുറികളിലാകെ പരക്കുകയും ഇവര്‍ വീട്ടിലെത്തി സ്വിച്ചിട്ടപ്പോള്‍ പൊട്ടിത്തെറിയോടെ വീട്ടിലാകെ തീ പടരുകയുമായിരുന്നു. ഇരിങ്ങാലക്കുടയില്‍ നിന്നുള്ള അഗ്‌നിരക്ഷാസേന ജീവനക്കാര്‍ സ്ഥലത്തെത്തിയാണ് വീടിനുള്ളിലെ തീ അണച്ചത്. ജയശ്രീയുടെ മൃതദേഹം ഞായറാഴ്ച രാവിലെ ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍ സംസ്‌കരിച്ചു. രവീന്ദ്രന്റെ മൃതദേഹം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് വെള്ളാങ്ങല്ലൂര്‍ ആപ്പിള്‍ ബസാറിലെ വസതിയില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം മൂന്നിന് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍ സംസ്‌കരിക്കും. മക്കള്‍: സൂരജ്, ശ്രീരാജ്. മരുമക്കള്‍: ഹിമ, പാര്‍വ്വതി. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K