14 July, 2025 10:40:29 AM
കാണാതായ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനിയുടെ മൃതദേഹം യമുന നദിയില്‍

ഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് ജൂലൈ ഏഴാം തീയതി കാണാതായ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ആത്മ രാം സനാധൻ ധർമ്മ കോളേജിലെ വിദ്യാർത്ഥിനിയും ത്രിപുര സ്വദേശിനിയുമായ സ്‌നേഹ ദെബ്‌നാഥിനെയാണ് ഇന്നലെ വൈകുന്നേരത്തോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. നോർത്ത് ഡൽഹിയിൽ ഗീതാ കോളനി ഫ്‌ളൈ ഓവറിന് സമീപം യമുനാ നദിയിൽ പൊങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെടുത്തത്.
സ്‌നേഹയുടെ ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. സ്‌നേഹയുടേത് ആത്മഹത്യയെന്ന നിഗമനത്തിലാണ് പൊലീസ്. ഇത് വ്യക്തമാക്കുന്ന ഒരു കുറിപ്പ് ലഭിച്ചിരുന്നതായി പൊലീസ് പറയുന്നു. ജീവിതത്തിൽ തോറ്റുപോയെന്നും ഇനി ഈ ഭാരം താങ്ങി ജീവിക്കാൻ കഴിയില്ലെന്നുമാണ് കുറിപ്പിൽ എഴുതിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. സിഗ്നേച്ചർ ബ്രിഡ്ജിൽ നിന്ന് ചാടി മരിക്കാൻ തീരുമാനിച്ചുവെന്നും ഇത് തന്റെ തീരുമാനമാണെന്നും കുറിപ്പിലുണ്ടായിരുന്നതായും പൊലീസ് അറിയിച്ചു.
ജൂലൈ ഏഴാം തീയതി പുലർച്ചെ 5.56നാണ് സ്‌നേഹ അവസാനമായി കുടുംബാംഗങ്ങളെ ബന്ധപ്പെട്ടത്. സുഹൃത്ത് പിത്തൂനിയക്കൊപ്പം സരായി രോഹില്ല റെയിൽവേ സ്റ്റേഷനിൽ പോകുന്നുവെന്നായിരുന്നു കുടുംബാംഗങ്ങളെ അറിയിച്ചത്. ഇതിന് പിന്നാലെ കുടുംബാംഗങ്ങൾ സ്‌നേഹയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായ നിലയിലായിരുന്നു. തുടർന്ന് സുഹൃത്ത് പിത്തൂനിയയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സ്‌നേഹയെ കണ്ടിരുന്നില്ല എന്നായിരുന്നു മറുപടി. തുടർന്ന് കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകി. സ്‌നേഹയുടെ മുറിയിൽ കുടുംബാംഗങ്ങൾ നടത്തിയ പരിശോധനയിലാണ് കുറിപ്പ് കണ്ടെത്തിയത്. ഇത് പിന്നീട് പൊലീസിനെ ഏൽപിക്കുകയായിരുന്നു.
സ്‌നേഹയെ ഡൽഹിയിലെ സിഗ്നേച്ചർ ബ്രിഡ്ജിന് സമീപം ഇറക്കിവിട്ടതായി ഒരു ടാക്‌സി ഡ്രൈവർ മൊഴി നൽകിയിരുന്നു. ഈ ഭാഗത്തുനിന്ന് മതിയായ സിസിടിവി ദൃശ്യങ്ങൾ ലഭിക്കാത്തത് തുടക്കത്തിൽ അന്വേഷണത്തിന് തിരിച്ചടിയായി. കുറിപ്പുകൂടി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ വിശദനായ പരിശോധനയിലാണ് നദിയിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്.