11 July, 2025 08:19:08 PM


നെഹ്റുട്രോഫി വള്ളംകളി: ഫിനിഷിങ് സമയം മൂന്ന് ഡിജിറ്റായി നിജപ്പെടുത്താമെന്ന് ടെക്നിക്കൽ കമ്മിറ്റി



ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളി ഫൈനലിലെ വള്ളങ്ങളുടെ സമയക്രമം മിനിറ്റിനും സെക്കൻഡിനും ശേഷം മൂന്ന് ഡിജിറ്റായി നിജപ്പെടുത്തണമെന്ന് നെഹ്റു ട്രോഫി ബോട്ട് റോസ് സൊസൈറ്റി നിയോഗിച്ച ടെക്നിക്കൽ കമ്മിറ്റി ശുപാർശ ചെയ്തു.  ഓഗസ്റ്റ് 30-ന് പുന്നമടക്കായലിൽ നടക്കുന്ന 71ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ സ്റ്റാർട്ടിങ്, ഫിനിഷിങ് സംവിധാനത്തിന്റെ പ്രവർത്തനം കുറ്റമറ്റതാക്കുന്നതിന് എക്സിക്യൂട്ടീവ് കമ്മിറ്റി നിയോഗിച്ച ടെക്നിക്കൽ കമ്മിറ്റിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ബോട്ട് റോസ് സൊസൈറ്റി ജനറൽ ബോഡി യോഗത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചു.

മുൻ എംഎൽഎമാരായ സി കെ സദാശിവൻ,  കെ കെ ഷാജു, എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം ആർ കെ കുറുപ്പ് എന്നിവരുൾപ്പെടുന്നതാണ് കമ്മറ്റി. സബ് കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ടിൽ സമയക്രമം മൂന്ന് ഡിജിറ്റായി നിജപ്പെടുത്തുമ്പോൾ ഒന്നിലധികം വള്ളങ്ങൾ ഒരേസമയം ഫിനിഷ് ചെയ്താൽ അവയെ ഉൾപ്പെടുത്തി നറുക്കെടുപ്പിലൂടെ വിജയിയെ നിശ്ചയിക്കണമെന്നും ആറ് മാസം വീതം കപ്പ് കൈവശം വെക്കാൻ അനുവദിക്കണമെന്നും കമ്മറ്റി ശുപാർശ ചെയ്തു. ആദ്യ ആറുമാസം ആർക്ക് എന്നത് നറുക്കെടുപ്പിലൂടെ തീരുമാനിക്കും. 

ഋഷികേഷ് രൂപകൽപന ചെയ്ത മെക്കനൈസ്ഡ് സംവിധാനവും മാഗ്‌നറ്റിക് പവർ ഉപയോഗിച്ച് മയൂരം ക്രൂയിസ് തയ്യാറാക്കിയ സ്റ്റാർട്ടിങ് സംവിധാനവും പ്രയോജനപ്പെടുത്താമെന്നും കമ്മിറ്റി നിർദേശിച്ചു. ടെൻഡർ വിളിച്ച് ഡെമോൺസ്ട്രേഷൻ നടത്തി പ്രായോഗികത ബോധ്യപ്പെട്ട് വേണം മികച്ചവ തിരഞ്ഞെടുക്കാൻ. സ്റ്റാർട്ടിങ് ചേംബർ ആകർഷകമായി തയ്യാറാക്കണം. വള്ളങ്ങളുടെ ചുണ്ട് ഒരുപോലെ ക്രമീകരിച്ച് സ്റ്റാർട്ടിങ്ങിൽ തുല്യത ഉറപ്പാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. 

സ്റ്റാർട്ടിങ് പോയന്റിലും ഫിനിഷിങ്ങിലേത് പോലെ കാമറ സംവിധാനം ഒരുക്കണം. സ്റ്റീൽ പൈപ്പുകൾ നാട്ടി ട്രാക്കുകൾ വേർതിരിക്കണം. സബ് കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ സംബന്ധിച്ചുള്ള ആക്ഷേപങ്ങളും നിർദേശങ്ങളും ജൂലൈ 15 ന് അഞ്ച് മണിക്കകം കമ്മിറ്റിയെ അറിയിക്കണമെന്ന് ജില്ലാകളക്ടർ അലക്സ് വർഗീസ് ആവശ്യപ്പെട്ടു. ഇതിനുശേഷമാണ് നിയമാവലി തയ്യാറാക്കുക.

നെഹ്റു ട്രോഫി വള്ളംകളി;ടിക്കറ്റ് നിരക്കുകളിൽ മാററമില്ല

ഓഗസ്റ്റ് 30ന് പുന്നമട കായലിൽ നടക്കുന്ന 71-ാമത് നെഹ്‌റു ട്രോഫി 
വള്ളംകളിയുടെ  ടിക്കറ്റ് നിരക്കുകൾക്ക് ജനറൽ ബോഡി അംഗീകാരം നൽകി.

25000 രൂപ(- നാലു പേർ), 10,000 രൂപ,
3000 രൂപ,  2500 രൂപ, 1500 രൂപ, 500 രൂപ,   300 രൂപ ,  200 രൂപ,  100 രൂപ, എന്നിങ്ങനെയാണ് വിവിധ വിഭാഗങ്ങളിലെ ടിക്കറ്റ് നിരക്ക്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 297