10 July, 2025 04:12:21 PM


നിമിഷ പ്രിയയുടെ വധശിക്ഷ തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി



ന്യൂഡൽഹി: യെമ‌നിൽ‌ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹര്‍ജി സുപീംകോടതി പരിഗണിക്കും. ജൂലൈ 16 ന് നടക്കാനിരിക്കുന്ന‌ നിമിഷ പ്രിയയുടെ വധശിക്ഷ തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കേൾക്കാൻ സുപ്രീം കോടതി സമ്മതിച്ചു. ജസ്റ്റിസ് സുധാൻഷു ധൂലിയ, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ആദ്യം കേസ് ജൂലൈ 14 ന് ലിസ്റ്റ് ചെയ്യാൻ സമ്മതിച്ചു. എന്നാൽ‌ വധശിക്ഷ നടപ്പാക്കുന്ന തീയതി ജൂലൈ 16 ആയതിനാൽ, ഇന്ത്യാ ഗവൺമെന്റിന്റെ നയതന്ത്ര ചർച്ചകൾക്ക് രണ്ട് ദിവസം മാത്രമേ ശേഷിക്കുന്നുള്ളൂവെന്നും അത് ഫലപ്രദമാകണമെന്നില്ലെന്നും മുതിർന്ന അഭിഭാഷകൻ രാഗെന്ത് ബസന്ത് ചൂണ്ടിക്കാട്ടി. ഇന്നോ നാളെയോ ലിസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

"ദയവായി ഇന്നോ നാളെയോ ഹര്‍ജി ലിസ്റ്റ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയാണ്, കാരണം 16 വധശിക്ഷ നടപ്പാക്കുന്ന തീയതിയാണ്. നയതന്ത്ര ഇടപെടലിന് സമയം ആവശ്യമാണ്," അഭിഭാഷകൻ പറഞ്ഞതായി ലൈവ്‌ലോ റിപ്പോർട്ട് ചെയ്യുന്നു. സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിലാണ് ഹർജി സമർപ്പിച്ചത്. നയതന്ത്ര മാർഗങ്ങളിലൂടെ ഇന്ത്യൻ നഴ്‌സിന്റെ മോചനം ഉറപ്പാക്കാൻ കേന്ദ്രത്തോട് നിർദ്ദേശിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ശരീഅത്ത് നിയമപ്രകാരം, ഇരയുടെ ബന്ധുക്കൾ 'ദിയാധനം'സ്വീകരിക്കാൻ സമ്മതിച്ചാൽ ഒരാളെ മോചിപ്പിക്കാമെന്നും ഈ സാധ്യത പരിശോധിക്കാൻ ‌ചർച്ചകൾ നടത്താമെന്നും ബസന്ത് വാദിച്ചു. പ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത് എന്തുകൊണ്ടാണെന്ന് ജസ്റ്റിസ് ധൂലിയ ചോദിക്കുകയും ബസന് അതിന് വിശദമായ മറുപടി നൽ‌കുകയും ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K