08 July, 2025 09:06:07 PM


പയ്യനാമണ്ണിലെ പാറമട അപകടം: അജയ് റായുടെ മൃതദേഹം കണ്ടെത്തി



പത്തനംതിട്ട: കോന്നി പയ്യനാമണ്ണിലെ പാറമടയില്‍ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറയിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ‌ കുടുങ്ങിയ ഹിറ്റാച്ചി ഓപ്പറേറ്റർ അജയ് റായുടെ മൃതദേഹം കണ്ടെത്തി. പാറകൾക്കിടയിൽ ഹിറ്റാച്ചിയുടെ ക്യാബിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. നിലവിൽ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. തകർന്നുകിടക്കുന്ന ക്യാബിൻ്റെ ഉള്ളിലാണ് മൃതദേഹം. 

ക്യാബിന് ഉള്ളിലും നിറയെ പാറക്കൂട്ടമാണ്. ഇവിടേക്ക് ദൗത്യസംഘം വടംകെട്ടി ഇറങ്ങുകയാണ്. നേരത്തെ നിർത്തിവെച്ച രക്ഷാദൗത്യം 8 മണിക്കൂറിന് ശേഷമാണ് രക്ഷാദൗത്യം പുനരാരംഭിച്ചത്. പ്രദേശത്ത് മഴയുണ്ടായിരുന്നതും പാറകൾ വീണ്ടും ഇടിയുന്നതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിരുന്നു. നിലവിൽ ലോങ് ബൂം എസ്കവേറ്റർ എത്തിച്ചാണ് രക്ഷാദൗത്യം.

ഇന്നലെ വൈകുന്നേരമാണ് കോന്നി പയ്യനാമൺ പാറമടയിൽ അപകടമുണ്ടായത്. രണ്ട് തൊഴിലാളികളാണ് ഹിറ്റാച്ചിക്കുള്ളിൽ കുടുങ്ങിയത്. അതിലൊരാളുടെ മൃതദേഹം ഇന്നലെ പുറത്തെടുത്തിരുന്നു. ഒഡീഷാ സ്വദേശി മഹാദേവിന്റെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. അടിയിൽപെട്ടുപോയ രണ്ടാമത്തെയാളെ പുറത്തെടുക്കാൻ ഫയർഫോഴ്സ് സംഘത്തിന് പോലും കഴിയാത്ത സ്ഥിതിയായിരുന്നു. ഇന്ന് രാവിലെ പ്രത്യേക റോപ്പുകള്‍ ഉപയോഗിച്ച് ഹിറ്റാച്ചി കിടക്കുന്ന സ്ഥലത്തെത്തി ദൗത്യസംഘം പരിശോധന നടത്തിയെങ്കിലും മണ്ണുമാന്തി യന്ത്രത്തിന്‍റെ ക്യാബിന് മുകളില്‍ വലിയ പാറകൾ മൂടിയ നിലയിലായിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 302