08 July, 2025 03:55:08 PM
ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ; കേരള സര്‍വകലാ ശാലയില്‍ വന്‍ പ്രതിഷേധം

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ ഭാരതാംബ വിവാദത്തില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തി എസ്എഫ്ഐ. പൊലീസ് പ്രതിരോധം മറികടന്ന് പ്രവര്‍ത്തകര്‍ സെനറ്റ് ഹാളിലേക്ക് ഇരച്ചുകയറി. ഗവര്‍ണറും ചാന്‍സലറുമായ രാജേന്ദ്ര ആര്‍ലേക്കറിനെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു എസ്എഫ്ഐ പ്രവര്‍ത്തകര്‍ സര്‍വകലാശാലാ ആസ്ഥാനത്തെത്തിയത്. സമരക്കാര്‍ക്കു പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്തെത്തി. ആര്‍ എസ്എസ് തിട്ടൂരത്തിന് വഴങ്ങില്ലെന്ന് ഗോവിന്ദന്‍ പറഞ്ഞു.
വിസിയുടെ ഓഫീസിലേക്ക് ബലം പ്രയോഗിച്ച് കടക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമം നടത്തി. സര്‍വകലാശാല കെട്ടിടത്തിന്റെ ജനലുകള്‍ വഴി ചിലര്‍ ഉള്ളില്‍ കടന്ന് വാതിലുകള്‍ തുറന്നാണ് മറ്റുള്ളവരെ ഉള്ളിലേക്ക് കടത്തിവിട്ടത്. വിസിയുടെ ഓഫീസിലേക്കുള്ള വഴി പ്രവര്‍ത്തകര്‍ ഉപരോധിച്ചു. രണ്ടു മണിക്കൂറോളം ജീവനക്കാര്‍ ഉള്ളില്‍ കുടുങ്ങി. വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് എസ്എഫ്‌ഐ വ്യക്തമാക്കി. മറ്റന്നാള്‍ രാജ്ഭവനിലേയ്ക്ക് മാര്‍ച്ച് നടത്തുമെന്നും സന്ധിയില്ലാ സമരമാണെന്ന് മുന്നോട്ടുള്ളതെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പറഞ്ഞു.
കണ്ണൂര്‍, കാലിക്കറ്റ് സര്‍വകലാശാലകളിലേക്കും എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ വിദ്യാര്‍ഥി പ്രതിഷേധം ഇരമ്പി. പ്രകടനവുമായെത്തിയ നൂറുകണക്കിന് പ്രവര്‍ത്തകരെ ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടയാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് ഗസ്റ്റ് ഹൗസ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് ഭരണ വിഭാഗത്തിന് മുന്നില്‍ വെച്ച് കൊണ്ടോട്ടി ഡിവൈഎസ്പി സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ തടഞ്ഞു. ഏറെ നേരം പൊലീസും പ്രവര്‍ത്തകരും ബലപ്രയോഗമുണ്ടായി. കണ്ണൂര്‍ സര്‍വകലാശാലയില്‍ ബാരിക്കേഡുകള്‍ മറികടന്ന് പ്രവര്‍ത്തകര്‍ സര്‍വകലാശാലാ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലേക്ക് കയറി കുത്തിയിരുന്ന് പ്രതിഷേധിച്ചു.