29 June, 2025 05:33:31 PM
മുല്ലപ്പെരിയാർ ഡാം തുറന്നു: പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം

ഇടുക്കി: മഴ ശക്തമായതോടെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 13 ഷട്ടറുകൾ തുറന്നു. 10 സെന്റി മീറ്റർ വീതമാണ് ഷട്ടർ ഉയർത്തിയത്. നിലവിൽ സെക്കൻഡിൽ 250 ഘനയടി വെള്ളം വീതമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നതെന്ന് തമിഴ്നാട് അറിയിച്ചു. രാവിലെ 11.50 ഓടെയാണ് ഷട്ടറുകൾ ഉയർത്തിയത്. പെരിയാർ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
നേരത്തെ ഷട്ടറുകൾ തുറക്കുമെന്ന മുന്നറിയിപ്പ് നൽകിയതിനാൽ ജില്ലാ ഭരണകൂടം മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു. പെരിയാറിൽ ജലനിരപ്പ് താഴ്ന്ന നിലയിലാണ്. ഡാമിലെ വെള്ളം പെരിയാറിലേക്ക് ഒഴുക്കിയാലും ജലനിരപ്പ് ആശങ്കപ്പെടേണ്ട നിലയിൽ ഉയരില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
പെരിയാർ നദിയിൽ കുളിക്കാനും മറ്റുമായി ഇറങ്ങുന്നത് ഒഴിവാക്കണം.യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.