28 June, 2025 01:11:40 PM


കൊല്‍ക്കത്ത കൂട്ടബലാത്സംഗ കേസ്: ലോ കോളേജിലെ സുരക്ഷാ ജീവനക്കാരനും അറസ്റ്റില്‍



പശ്ചിമ ബംഗാള്‍: കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ലോ കോളേജിലെ സുരക്ഷാ ജീവനക്കാരനാണ് അറസ്റ്റിലായത്. സുരക്ഷാ ജീവനക്കാരന്‍ ബലാത്സംഗത്തിന് സഹായം ചെയ്തുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അറസ്റ്റ്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.

മുഖ്യപ്രതിയും കോളേജിന്റെ മുന്‍ യൂണിറ്റ് പ്രസിഡന്റുമായ മൊണോജിത് മിശ്ര(31), സെയ്ബ് അഹമ്മദ് (19), പ്രമിത് മുഖര്‍ജി (20) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് 24കാരിയായ പെണ്‍കുട്ടി പരീക്ഷയുമായി ബന്ധപ്പെട്ട ഫോമുകള്‍ പൂരിപ്പിക്കാന്‍ കോളേജില്‍ എത്തിയത്. ജൂണ്‍ 25-ന് രാത്രി 7.30 നും 10.50 -നും ഇടയിലാണ് ദാരുണ സംഭവമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. അതിജീവിതയായ പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ കസ്ബ പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്.

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണെന്ന് ബലാത്സംഗത്തിനിരയാക്കിയതെന്ന് അതിജീവിതയുടെ പരാതിയില്‍ പറയുന്നു. മുഖ്യപ്രതിയായ മിശ്ര തൃണമൂല്‍ കോണ്‍ഗ്രസ് ഛത്ര പരിഷത്തിന്റെ (ടിഎംസിപി) ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറിയാണെന്ന് പരാതിയില്‍ പറയുന്നു. മന്‍ജോഹിത് മിശ്ര തന്നെ വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും നിലവിലുള്ള ബന്ധം ചൂണ്ടിക്കാട്ടി താന്‍ വിസമ്മതിക്കുകയായിരുന്നുവെന്നും അതിജീവിത നല്‍കിയ പരാതിയില്‍ പറയുന്നു.

കാമുകനെ ഉപദ്രവിക്കുമെന്നും മാതാപിതാക്കളെ കള്ളക്കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി കോളേജിനുള്ളില്‍ തന്നെ തടവിലാക്കുകയായിരുന്നുവെന്നും അതിജീവിത പറഞ്ഞു. സെയ്ബിന്റെയും പ്രമിതിന്റെയും സഹായത്തോടെയാണ് ലൈംഗികമായി പീഡിപ്പിച്ചതെന്നും അതിജീവിത പറയുന്നുണ്ട്.

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ മുഖ്യപ്രതി നിര്‍ബന്ധിച്ചുവെന്നും അത് നിഷേധിച്ചപ്പോള്‍ അക്രമിക്കുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥിനി വ്യക്തമാക്കി. മിശ്രയുടെ കാലില്‍ വീണു തന്നെ വിട്ടയക്കാന്‍ അപേക്ഷിച്ചു. തനിക്ക് കാമുകന്‍ ഉണ്ടെന്നും കാമുകനെ സ്‌നേഹിക്കുന്നുവെന്നും അവരോട് പറഞ്ഞിട്ടും പ്രതികള്‍ സമ്മതിച്ചില്ലയെന്നും ബലമായി സെക്യൂരിറ്റി ഗാര്‍ഡിന്റെ മുറിക്കുള്ളില്‍ വെച്ച് ബലാത്സംഗം ചെയ്തുവെന്നാണ് വിദ്യാര്‍ത്ഥിനി പരാതിയില്‍ പറയുന്നത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 938