26 June, 2025 06:44:24 PM


ലഹരിക്കേസ്: തമിഴ് നടൻ കൃഷ്ണ അറസ്റ്റിൽ



ചെന്നൈ: ലഹരിക്കേസിൽ തമിഴ് നടൻ കൃഷ്ണ അറസ്റ്റിൽ. ഇയാളുടെ സുഹൃത്ത് കെവിനും അറസ്റ്റിലായിട്ടുണ്ട്. നടൻ ശ്രീകാന്ത് ഉൾപ്പെട്ട ലഹരിക്കേസിൽ ചെന്നൈ പൊലീസ് കൃഷ്ണയെ കസ്റ്റഡിയിലെടുത്തിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇയാൾ അറസ്റ്റിലായത്.

മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ കൃഷ്ണ സജീവമായിരുന്നുവെന്നും ചാറ്റുകളിലൂടെ മയക്കുമരുന്ന് ഉപയോഗിക്കുന്ന സമയത്തെയും സ്ഥലത്തെയും കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. വിപുലമായ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റെന്നും പൊലീസ് വ്യക്തമാക്കി. മയക്കുമരുന്ന് കേസിൽ നടൻ ശ്രീകാന്ത് അറസ്റ്റിലായതിന് പിന്നാലെ കൃഷ്ണ ഒളിവിൽ പോയതായി റിപ്പോർട്ടുകൾ വന്നിരുന്നു.

നേരത്തെ നുങ്കമ്പാക്കം പൊലീസ് എഐഎഡിഎംകെ മുൻ എക്സിക്യൂട്ടീവ് അം​ഗം പ്രസാദ്, ഘാന സ്വദേശി ജോൺ, സേലം സ്വദേശി പ്രദീപ് എന്നിവരെ മയക്കുമരുന്ന് കടത്തിന് അറസ്റ്റ് ചെയ്തിരുന്നു. പ്രസാദ് ആണ് ശ്രീകാന്തിന് മയക്കുമരുന്ന് നൽകിയതായി മൊഴി നൽകിയതെന്നാണ് റിപ്പോർട്ട്. ഇവരിൽ നിന്ന് നടൻ ശ്രീകാന്ത് മയക്കുമരുന്ന് വാങ്ങി ഉപയോ​ഗിച്ചതായി കണ്ടെത്തിയിരുന്നു. തുടർന്ന് ശ്രീകാന്തിനെ ചോദ്യം ചെയ്തതിൽ നിന്ന് ഒരു വർഷത്തോളമായി നടൻ ലഹരി ഉപയോ​ഗിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. വീര, മാരി 2 തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനാണ് കൃഷ്ണ.

ശ്രീകാന്തിനെതിരെ നാലു വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ശ്രീകാന്ത് കൊക്കെയ്ൻ വാങ്ങിയെന്ന് അന്വേഷണത്തിൽ വ്യക്തമായ തെളിവുകൾ ലഭിച്ചതായി പൊലീസ് പറഞ്ഞിരുന്നു. 43 തവണയായി അഞ്ച് ലക്ഷം രൂപയ്ക്ക് ശ്രീകാന്ത് കൊക്കെയ്ൻ വാങ്ങിയതായാണ് സൂചന. ഇതിന്റെ സാമ്പത്തിക ഇടപാടുകൾ സ്ഥിരീകരിക്കുന്ന ഡിജിറ്റൽ പണമിടപാട് വിവരങ്ങൾ, വിൽപ്പനക്കാരുമായുള്ള മൊബൈൽ സന്ദേശങ്ങൾ തുടങ്ങിയവയും കണ്ടെടുത്തു. ചെന്നൈയിലെ വിവിധ പബ്ബുകളിലും സ്വകാര്യ പാർട്ടികളിലുമായിരുന്നു ലഹരി ഉപയോഗം. പല താരങ്ങൾക്കും ശ്രീകാന്ത് കൊക്കെയ്ൻ നൽകിയതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 933