23 June, 2025 01:40:07 PM


'ജനങ്ങൾക്ക് വേണ്ടി കൂടുതൽ കരുത്തോടെ പാഠങ്ങൾ ഉൾകൊണ്ട് മുന്നോട്ട് പോകും' - എം സ്വരാജ്



മലപ്പുറം: നിലമ്പൂരിലെ തിരഞ്ഞെടുപ്പ് ഫലം ഭരണവിരുദ്ധ വികാരമാണെന്ന് വിലയിരുത്തുന്നില്ലെന്ന് എം സ്വരാജ്. തിരഞ്ഞെടുപ്പ് ഫലം സൂക്ഷ്മമായി വിശകലനം ചെയ്യും. അതിൽ ഉൾക്കൊള്ളേണ്ട കാര്യങ്ങൾ ഉൾക്കൊളും. ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യങ്ങൾ കൃത്യമായി ബോധ്യപ്പെടുത്തും. ജനങ്ങൾക്ക് വേണ്ടി കൂടുതൽ കരുത്തോടെ ഈ തിരഞ്ഞെടുപ്പിൽ നിന്ന് ഉൾക്കൊണ്ട പാഠങ്ങളുടെ അടിസ്ഥാനത്തിൽ മുന്നോട്ട് പോകും സ്വരാജ് പറഞ്ഞു.

'എനിക്ക് ഞാനായി തന്നെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിഞ്ഞു. ഏതെങ്കിലും തരത്തിൽ ഒരു വിട്ടുവീഴ്ചയ്‌ക്കോ ഒത്തുതീർപ്പിനോ പോകേണ്ടതായി വന്നില്ല. ഒരു വർഗീയ വാദിയുടെയും പിന്തുണ ഒരു കാലത്തും എൽഡിഎഫിന് ആവശ്യം ഇല്ല. അതിന്റെ പേരിൽ ഇനിയും എത്ര പരാജയപ്പെട്ടാലും നിലപാട് അത് തന്നെയായിരിക്കും ഒരു മാറ്റവും ഉണ്ടാകില്ല. ശെരിയായ നിലപാടുകൾ എല്ലായ്പ്പോഴും അംഗീകരിക്കപ്പെട്ടെന്ന് വരില്ല. എന്നാൽ അത്തരം നിലപാടുകളെ കയ്യൊഴിയാനും സാധിക്കില്ല. ജയപരാജയങ്ങളെ രാഷ്ട്രീയമായാണ് കാണുന്നത്. ഈ തിരഞ്ഞെടുപ്പിൽ ഞങ്ങൾ ജയിച്ചാലും ജനങ്ങൾക്കും നാടിനും വേണ്ടിയുള്ള സമരം തുടരും, ഇപ്പോൾ ഞങ്ങൾ തോറ്റു തോറ്റാലും ആ സമരം ഞങ്ങൾ തുടരു'മെന്നും സ്വരാജ് വ്യക്തമാക്കി.

വിലയിരുത്തലുകൾ പല രീതിയിൽ വരും. ഭരണത്തിന്റെ വിലയിരുത്തലാണ് ഈ തിരഞ്ഞെടുപ്പെന്ന് അംഗീകരിച്ചാൽ, സർക്കാരിന്റെ ഭരണപരിഷ്‌ക്കാരങ്ങളും നടപടികളും ജനങ്ങൾ തള്ളിക്കളഞ്ഞുവെന്ന് തനിക്ക് തോന്നുന്നില്ല. സർക്കാരിന്റെ പ്രവർത്തന ഫലമായി വലിയ മാറ്റങ്ങളാണ് നമ്മുടെ നാട്ടിൽ ഉണ്ടായിട്ടുള്ളത്. ആ മാറ്റങ്ങൾ ജനങ്ങൾ നിരാകരിച്ചുവെന്ന നിഗമനത്തിലേക്ക് നമുക്ക് ഒരിക്കലും എത്താൻ സാധിക്കില്ല.

എൽഡിഎഫ് മുൻപോട്ട് വെച്ച രാഷ്‌ട്രീയത്തിൽ പിശകുണ്ടെന്ന് ഇപ്പോഴും തോന്നുന്നില്ല. എല്ലാ തിരഞ്ഞെടുപ്പുകളിലും മുൻപോട്ട് വെക്കുന്ന രാഷ്ട്രീയം ശെരിയായി തന്നെ വിലയിരുത്തപ്പെട്ടുകൊള്ളണം എന്നില്ല. സാവകാശം നമുക്ക് അതെല്ലാം ശെരിയായി പരിശോധിച്ച് നാടിനും ജനങ്ങൾക്കും വേണ്ടിയുള്ള പോരാട്ടം കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ട് പോകാം. നിലമ്പൂരിൽ രാഷ്ട്രീയ സംവാദത്തിനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂർ മണ്ഡലത്തിൽ എൽഡിഎഫിന് പൊതുവിൽ തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്. പ്രതീക്ഷയ്‌ക്കൊത്ത് മുൻപോട്ട് വരാൻ സാധിച്ചില്ല എന്നത് യാഥാർഥ്യമാണ്. ഇടതുപക്ഷം മുൻപോട്ട് വെച്ച രാഷ്ട്രീയ നിലപാടിൽ നിന്ന് വ്യതിചലിക്കാതെ തിരഞ്ഞെടുപ്പ് വരെ മുൻപോട്ട് പോകാൻ സാധിച്ചു. ജനങ്ങളെയും നാടിനെയും ബാധിക്കുന്ന കാര്യങ്ങൾ മാത്രമാണ് ജനങ്ങളുമായി ചർച്ച ചെയ്തത്. തങ്ങളെ എതിർക്കുന്നവർ ഓരോ ഘട്ടത്തിലും ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ച വിവാദങ്ങൾക്ക് പുറകെ പോകുകയോ വിവാദങ്ങൾ ഉയർത്തികൊണ്ടുവരികയോ ചെയ്തതിട്ടില്ല. എൽഡിഎഫ് ആഗ്രഹിച്ചതുപോലെ തന്നെയാണ് മുന്നോട്ട് പോകാൻ സാധിച്ചത് അതിൽ അഭിമാനമുണ്ട് എം സ്വരാജ് പ്രതികരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 950