05 June, 2025 08:58:30 PM
അന്‍വര്‍ പത്രിക പിന്‍വലിച്ചില്ല; നിലമ്പൂരിൽ പത്ത് സ്ഥാനാർത്ഥികൾ മത്സരരംഗത്ത്

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരരംഗത്ത് 10 പേര്‍. 14 പേരായിരുന്നു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പി വി അന്‍വര്‍ നല്‍കിയ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ തള്ളിയിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നല്‍കിയ നാമനിര്‍ദ്ദേശ പത്രിക പക്ഷെ അന്‍വര്‍ പിന്‍വലിച്ചില്ല. അതേസമയം, പി വി അന്‍വറിന്‍റെ അപരനായി പത്രിക സമര്‍പ്പിച്ച സ്വതന്ത്രസ്ഥാനാര്‍ത്ഥിയുള്‍പ്പെടെയുള്ള നാല് പേർ പത്രിക പിന്‍വലിച്ചു.
നിലമ്പൂരില്‍ കോണ്‍ഗ്രസ് തന്‍റെ അപരനെ ഇറക്കിയെന്ന ആരോപണവുമായി അന്‍വര്‍ രംഗത്തെത്തിയിരുന്നു. ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച അന്‍വര്‍ സാദത്ത് ചുങ്കത്തറ പഞ്ചായത്തിലെ കോണ്‍ഗ്രസ് നേതാവാണെന്നായിരുന്നു അന്‍വറിന്‍റെ ആരോപണം. ഇദ്ദേഹം യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്‍റെ സന്തത സഹചാരിയാണെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെ അന്‍വര്‍ പറഞ്ഞു. എന്നാൽ ഇന്ന് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിക്കുന്നതിന് മുൻപ് അൻവർ സാദത്ത് സ്ഥാനാർത്ഥിത്വം പിൻവലിക്കുകയായിരുന്നു.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പി വി അന്‍വര്‍ കഴിഞ്ഞ ദിവസമാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. സാധാരണക്കാരുടെ സ്ഥാനാര്‍ത്ഥിയാണ് താന്‍ എന്ന് പ്രഖ്യാപിച്ച് പ്രകടനമായി നിലമ്പൂര്‍ താലൂക്ക് ഓഫീസിലെത്തിയാണ് അന്‍വര്‍ പത്രിക സമര്‍പ്പിച്ചത്. ഒരു കര്‍ഷകനും ഓട്ടോറിക്ഷാ തൊഴിലാളിയും റബ്ബര്‍ ടാപ്പിങ്ങ് തൊഴിലാളിയുമായിരുന്നു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ അന്‍വറിനൊപ്പം ഉണ്ടായിരുന്നത്.
നിലമ്പൂരില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് രാഷ്ട്രീയമത്സരമെന്ന് ഇരുമുന്നണികളും അവകാശപ്പെടുന്നതെങ്കിലും സ്വതന്ത്രസ്ഥാനാര്‍ത്ഥിയായ പി വി അന്‍വറും എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജും സജീവമായി രംഗത്തുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്താണ് ആദ്യം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. സ്വരാജും അന്‍വറും മോഹന്‍ ജോര്‍ജും തിങ്കളാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.