04 May, 2025 02:19:12 PM


'ഫോട്ടോ കണ്ടാല്‍പ്പോലും തിരിച്ചറിയാത്തവരല്ല കോണ്‍ഗ്രസിനെ നയിക്കേണ്ടത്'; ആലുവയില്‍ പ്രതിഷേധ പോസ്റ്റര്‍



കൊച്ചി: കെപിസിസി പ്രസിഡന്റ് കെ സുധാകരനെ മാറ്റുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ കോണ്‍ഗ്രസ് പരിഗണിക്കുന്ന നേതാക്കള്‍ക്കെതിരെ പോസ്റ്റര്‍. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്ന ആന്റോ ആന്റണി, സണ്ണി ജോസഫ് എന്നിവര്‍ക്കെതിരെയാണ് ആലുവയില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

ഫോട്ടോ കണ്ടാല്‍പ്പോലും സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലും തിരിച്ചറിയാത്ത ആന്റോ ആന്റണിയും സണ്ണി ജോസഫുമല്ല കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കേണ്ടത് എന്ന് പോസ്റ്ററില്‍ പറയുന്നു. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് ആലുവ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

കെ സുധാകരനെ മാറ്റാനുള്ള നീക്കത്തെ നേരത്തെ കെ മുരളീധരന്‍ എതിര്‍ത്തിരുന്നു. കെപിസിസിയില്‍ നേതൃ മാറ്റത്തിന്റെ ആവശ്യമില്ലെന്നാണ് മുരളീധരന്‍ അഭിപ്രായപ്പെട്ടത്. കെപിസിസി പ്രസിഡന്റിനെ മാറ്റണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അത്തരമൊരു മാറ്റത്തിന്റെ ആവശ്യമില്ലെന്നാണ് വ്യക്തിപരമായി തോന്നുന്നത്. എന്നാല്‍ അത് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണ്. പക്ഷേ ചുമതലയേല്‍ക്കുന്നയാള്‍ കേരളത്തിലുടനീളമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്ന ഫോട്ടോയെങ്കിലും ഉള്ള നേതാവായിരിക്കണം എന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. സുധാകരനെ മാറ്റേണ്ടതില്ലെന്ന് ശശി തരൂരും പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K