01 May, 2025 11:31:16 AM


ഉന്തിയ പല്ല് ഇനി അയോഗ്യതയല്ല; പൊലീസ് സേനയിലേത് ഉൾപ്പെടെയുള്ള ജോലികളിലേക്കുള്ള സെലക്ഷൻ മാനദണ്ഡങ്ങളിൽ മാറ്റം



തിരുവനന്തപുരം: കായിക പരിശോധനയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്ന സര്‍ക്കാര്‍ ജോലികള്‍ക്ക് ഇനി ഉന്തിയ പല്ല് അയോഗ്യതയാവില്ല. ആഭ്യന്തരം, വനം- വന്യജീവി, ഗതാഗതം, എക്‌സൈസ് എന്നി വകുപ്പുകളിലെ യൂണിഫോം ഉപയോഗിക്കുന്ന തസ്തികകളില്‍ ഉന്തിയ പല്ലിന്റെ പേരിലുള്ള അയോഗ്യത ഒഴിവാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മറ്റെല്ലാ യോഗ്യതകളുണ്ടെങ്കിലും ഉന്തിയപല്ലിന്റെ പേരില്‍ ഉദ്യോഗാര്‍ഥികളെ പുറത്താക്കുന്നത് സംബന്ധിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതത് വകുപ്പുകളില്‍ ഇതുസംബന്ധിച്ച് വിശേഷാല്‍ ചട്ടങ്ങളിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

ഭാവിയില്‍ ദേശീയ പാതാ അതോറിറ്റി കേരളത്തില്‍ നടപ്പിലാക്കുന്ന എല്ലാ പദ്ധതികള്‍ക്കും നിര്‍മ്മാണ വസ്തുക്കളുടെ ജിഎസ്ടി യിലെ സംസ്ഥാനവിഹിതം, റോയല്‍റ്റി എന്നിവ ഒഴിവാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കേരളത്തിന്റെ വികസനത്തിന് ദേശീയ പാത വികസന പദ്ധതികളും പുതിയ ദേശീയപാതകളും അനിവാര്യമാണ് എന്നാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. ഇത് സംബന്ധിച്ച വിശദമായ നിര്‍ദേശം കേന്ദ്ര ഉപരിതല ഗതാഗതവകുപ്പു മന്ത്രിക്കു സമര്‍പ്പിച്ചിരുന്നു. സംസ്ഥാനത്തിന്റെ കൂടി പങ്കാളിത്തം ഇത്തരം പദ്ധതികളില്‍ വേണമെന്ന ആവശ്യം മന്ത്രി തന്നെ മുന്നോട്ട് വെച്ചിട്ടുണ്ട്. ഈ വിഷയം പരിശോധിക്കുകയും വരാനിരിക്കുന്ന ദേശീയപാതാ പ്രവൃത്തികളില്‍ കൂടി സംസ്ഥാനത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 931