29 April, 2025 04:22:17 PM
വിരമിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ ഐ എം വിജയന് സ്ഥാനക്കയറ്റം

തിരുവനന്തപുരം: വിരമിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കേ ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസ താരം ഐ എം വിജയന് പൊലീസിൽ സ്ഥാനക്കയറ്റം. എംഎസ്പിയിൽ അസിസ്റ്റന്റ് കമാൻഡന്റായ അദ്ദേഹത്തിന് ഡെപ്യൂട്ടി കമാൻഡന്റായി സ്ഥാനക്കയറ്റം നൽകി. ഫുട്ബോളിന് നൽകിയ സംഭാവനകൾ പരിഗണിച്ച് സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ചാണ് സ്ഥാനക്കയറ്റം നൽകിയത്.
1969 ഏപ്രിൽ 25ന് തൃശൂർ കോലത്തുംപാടും അയനിവളപ്പിൽ മണിയുടെയും കൊച്ചമ്മുവിന്റെയും മകനായാണ് ജനനം. 1986ൽ എം കെ ജോസഫ് ഡിജിപിയായിരിക്കെയാണ് പൊലീസിന്റെ സെലക്ഷൻ ട്രയൽസിനിറങ്ങുന്നത്. കളിമിടുക്ക് കണ്ട് ഇഷ്ടപ്പെട്ടെങ്കിലും 18 വയസ് തികയാത്തതിനാൽ ടീമിലെടുത്തില്ല. ആറുമാസത്തിലധികം അതിഥി താരമായി ടീമിൽ കളിച്ചശേഷം 1987ൽ പൊലീസ് കോൺസ്‌റ്റബിളായി നിയമിതനായി.
ഇതിനിടെ 1991ൽ കൊൽക്കത്ത മോഹൻബഗാൻ ക്ലബ്ബിനുവേണ്ടി കളിക്കാൻപോയി. 1993ൽ സന്തോഷ്‌ട്രോഫി കിരീടംനേടിയ കേരള ടീമിൽ അംഗമായി. അധികംവൈകാതെ വീണ്ടും പ്രൊഫഷണൽ ക്ലബ്ബുകളിലേക്ക് തിരിച്ചുപോയി. ഈസ്റ്റ് ബംഗാൾ, ജെസിടി മിൽസ് ഫഗ്വാര, എഫ്‌സി കൊച്ചിൻ, ചർച്ചിൽ ബ്രദേഴ്‌സ് തുടങ്ങിയ ടീമുകൾക്കായി ബൂട്ടുകെട്ടി. വർഷങ്ങൾക്കുശേഷം പൊലീസിൽ എഎസ്‌ഐയായി തിരിച്ചെത്തിയ വിജയൻ 2021ലാണ് എംഎസ്‌പി അസി. കമാൻഡന്റായത്. 1991മുതൽ 2003വരെ ഇന്ത്യക്കായി കളിച്ചു. രാജ്യത്തിനായി 88 കളിയിൽ 39 ഗോളടിച്ചു.